കല്‍പ്പറ്റ: വയനാട് പ്രസ് ക്ലബും ലക്കിടി ഓറിയന്റല്‍ കോളജ് മാധ്യമ വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന വയനാട് ചലച്ചിത്രോത്സവം മാര്‍ച്ച് 24 മുതല്‍ 26 വരെ ഓറിയന്റല്‍ കോളില്‍ നടക്കും. 24ന് വൈകീട്ട് നാലിന് പ്രശസ്ത സംവിധായക വിധു വിന്‍സെന്റ് ഉദ്ഘാടനം ചെയ്യും. വിധു വിന്‍സെന്റ് സംവിധാനം ചെയ്ത മാന്‍ഹോളാണ് ഉദ്ഘാടന ചിത്രം. ഇറാനിയന്‍ സംവിധായകന് അബ്ബാസ് കിയറോസ്തമി, ഓംപുരി എന്നിവരുടെ ഓര്‍മക്കായി റെട്രോംസ്പെക്ടീവ് വിഭാഗത്തില്‍ നാല് സിനിമകള്‍ പ്രദര്‍ശിപ്പിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ചലച്ചിത്ര, സാംസ്ക്കാരിക സംഘടനകള്‍, ക്ലബുകള്‍ എന്നിവയില്‍ നിന്നുള്ളവരായിരിക്കും പ്രതിനിധികള്‍. പൊതുജനങ്ങളില്‍ നിന്ന് നേരത്തെ രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കും പ്രവേശനം ഉണ്ടായിരിക്കും. മൊത്തം 400 ഓളം പ്രതിനിധികള്‍ ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കും. വിദേശ ചിത്രങ്ങളടക്കം 25 സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. മൂന്നു ദിവസവും ഓപ്പണ്‍ ഫോറം, സെമിനാര്‍, സാംസ്ക്കാരിക പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. സംവിധായകന് ജോയി മാത്യു, ചലച്ചിത്ര പ്രവര്ത്തകന് ചെലവൂര്‍ വേണു, പത്ര പ്രവര്‍ത്തകരായ എന്‍.പി. സജീഷ്, കമാല്‍ വരദൂര്‍, സിനിമാ നിരൂപകന് ഒ.കെ. ജോണി എന്നിവര്‍ പങ്കെടുക്കും. 26ന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം നടന് മാമുക്കോയ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി സ്കുള്, കോളജ് വിദ്യാര്‍ഥികള്‍ക്കായി ഷോര്‍ട്ട്ഫിലിം, ഡോക്യൂമെന്ററി മത്സരങ്ങള്‍ നടത്തും. മികച്ച ചിത്രത്തിന് ഒന്നാം സമ്മാനമായി 10,000 രൂപ നല്‍കും. 5000 രൂപയാണ് രണ്ടാം സമ്മാനം. സൃഷ്ടികള്‍ക്ക് 20 മിനിട്ടില്‍ കൂടുതല്‍ ദൈര്‍ഘ്യം പാടില്ല. എന്‍ട്രികള്‍ ഈ മാസം 20 നു മുമ്പായി ഡയറക്ടര്‍, ഓഫ്ഡബ്ല്യൂ-17 ഓറിയന്റല്‍ കോളജ്. വാലിവ്യൂ, ലക്കിടി എന്ന വിലാസത്തില്‍ അയക്കണം. പത്രസമ്മേളനത്തില്‍ കോളജ് പ്രിന്‍സിപ്പാള്‍ കെ. സി. റോബിന്‍സ്, പ്രസ് ക്ലബ് പ്രസിഡന്റ് ബിനു ജോര്‍ജ്, ഫിലിം ഫെസ്റ്റ് ഡയറക്ടര്‍ സി. ഷൈജല്‍, വൈസ് പ്രസിന്‍സിപ്പാള്‍ എം. സിയാവുദീന്, വിദ്യാര്‍ഥി പ്രതിനിധി ഷാറൂഖ് തുടങ്ങിയവര്‍ കാര്യപരിപാടികള്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: