കോഴഞ്ചേരി: ജില്ലാ ആശുപത്രിയില്‍ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവം ആശുപത്രിയിലെ സുരക്ഷാ വീഴ്ചയിലേക്ക് വിരല്‍ചൂണ്ടുന്നു. ഏഴിലധികം സുരക്ഷാ ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും ആശുപത്രി അധികൃതര്‍ പരാജയപ്പെട്ടിരിക്കുകയാണ്. ആശുപത്രയിലെ അതീവ സുരക്ഷാമേഖലയില്‍ കൂടി കടന്നു പോകുന്ന വാഹനങ്ങളെപ്പറ്റി യാതൊരുവിവരങ്ങളും രേഖപ്പെടുത്താറില്ല. ആശുപത്രിയിലെ ചിലഭാഗങ്ങളില്‍ സുരക്ഷക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആശുപത്രി വളപ്പിലും പാര്‍ക്കിംഗ് ഏരിയായിലും ഇത്തരം സംവിധാനങ്ങള്‍ ഒരുക്കിയിട്ടില്ല. ഗേയ്റ്റ് പാസ് വാങ്ങുന്നവര്‍ക്ക് ആശുപത്രിയുടെ ഏതു ഭാഗത്തും ഏതുസമയത്തും കടന്നു ചെല്ലാമെന്നതാണ് സ്ഥിതി.
പലപ്പോഴും സുരക്ഷാജീവനക്കാരുടെ സഹായത്തോടെയാണ് രാത്രികാലങ്ങളില്‍ ആളുകള്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നത്. രാത്രികാലങ്ങളില്‍ ആശുപത്രി വളപ്പില്‍ മദ്യപാനികളുടെ ശല്യം ഏറുകയും അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെയും പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചത്. ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതും കോഴഞ്ചേരിയിലെ സാംസ്കാരിക സംഘടനയാണ്. എന്നാല്‍ രാത്രി എയ്ഡ് പോസ്റ്റിന്റെ സേവനം ഫലപ്രദമാകുന്നില്ലായെന്ന് പറയപ്പെടുന്നു.
ആശുപത്രിയില്‍ കിടപ്പിലായിരിക്കുന്ന രോഗികള്‍ക്ക് പാസ് നല്‍കിയിട്ടുണ്ടെങ്കിലും പാസുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ടോയെന്നുപോലും അന്വേഷണം നടക്കുന്നില്ല. കീമോ തെറാപ്പിപോലുള്ള തന്ത്രപ്രധാനമായ ചികിത്സാ സംവിധാനങ്ങളാണ് ജില്ലാ ആശുപത്രിയില്‍ ഉള്ളത്. എന്നാല്‍ അതിന്റേതായ ഗൗരവത്തോടെ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ അധികൃതര്‍ താത്പര്യം കാണിക്കുന്നില്ല. രണ്ട് മാസം മുമ്പാണ് ലാബ് പരിശോധനയ്ക്ക് വന്ന ഒരു സ്ത്രീയുടെ കഴുത്തില്‍ നിന്നും മാലപറിച്ചുകൊണ്ടു പോയത്.
ജില്ലാ പഞ്ചായത്തും സര്‍ക്കാര്‍ ഏജന്‍സികളും കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികളാണ് ആശുപത്രി നടപ്പിലാക്കുന്നത്. എന്നാല്‍ അതനുസരിച്ചുള്ള സേവനങ്ങള്‍ രോഗികള്‍ക്ക് ലഭിക്കുന്നില്ലായെന്ന പരാതി നിലനില്‍ക്കുകയാണ്. ആശുപത്രിയിലെ ചില പ്രധാന ഡോക്ടര്മാരെപറ്റിയും ജീവനക്കാരെ പറ്റിയും ഗുരുതരമായ ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്. മദ്യത്തിന് അടിമപ്പെട്ട ഒരു ഡോക്ടറും കൂട്ടാളികളും ആശുപത്രിയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെപ്പറ്റി രോഗികളും മറ്റുള്ളവരും സൂപ്രണ്ടിന്റെ സാന്നിദ്ധ്യത്തില്‍ ഇന്നലെ ആശുപത്രികളിലെത്തിയ ജില്ലാ പഞ്ചായത്ത് ഭാരവാഹികളോട് പറഞ്ഞു. ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ മുറികള്‍ക്ക് സമാനമായ രീതിയില്‍ ഒരു പ്രത്യേക മുറി ആശുപത്രികളിലെ സര്‍ജ്ജിക്കല്‍ വാര്‍ഡിനോട് ചേര്‍ന്ന് ഒരുക്കിയിട്ടുണ്ടെന്നും എല്ലാ ആധുനിക സൗകര്യങ്ങളും ഉള്ള ഇവിടെയിരുന്ന് ചില ജീവനക്കാരുടെ സഹായത്തോടെ രാത്രി പകല്‍ വ്യത്യാസമില്ലാതെ ചില ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സല്‍ക്കാരങ്ങളും മറ്റും നടക്കുകയാണെന്നും പറയപ്പെടുന്നു. പണം കായ്ക്കുന്ന മരമായിട്ടാണ് ആശുപത്രിയെ ചിലര്കാണുന്നതെന്ന ആക്ഷേപവും ശക്തമാണ്. ആശുപത്രിയില്‍ രാത്രികാലങ്ങളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നില്ലെന്നും പറയപ്പെടുന്നു.
ജില്ലാ ആശുപത്രിയില്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ജില്ലാ പഞ്ചായത്ത് തയ്യാറാകാത്തതിന്റെ പരിണിത ഫലമാണ് നവജാത ശിശുവിനെ മോഷ്ടിക്കാന്‍ ഇടയായ സാഹചര്യമുണ്ടായത്. ആശുപത്രിയിലെ ആര്എംഒയെപ്പറ്റി നിരവധി ആരോപണങ്ങള്‍ ഉള്ളതെന്നും ജില്ലാ പഞ്ചതായത്ത് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: