പത്തനംതിട്ട:തൊഴിലിടങ്ങളിലെ ചതിക്കുഴികള്‍ തിരിച്ചറിയാന്‍ സ്ത്രീകള്‍ക്ക് കഴിയണമെന്ന് ജില്ലാ കളക്ടര്‍ ആര്.ഗിരിജ പറഞ്ഞു. അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് കളക്ടറേറ്റ് കോഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച വനിതാദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു.
തൊഴിലിടങ്ങളില്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നവരും ചതിക്കുഴികളില്‍ അകപ്പെടുത്താന്‍ ശ്രമിക്കുന്നവരുമായ ചിലരുണ്ടാകാം. ഇത്തരക്കാരെ തിരിച്ചറിയാനും ഒറ്റപ്പെടുത്താനും കഴിയണം. കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ നന്നായി നിറവേറ്റാന്‍ കഴിയുന്ന സ്ത്രീകള്‍ക്ക് മാത്രമേ കര്‍മരംഗത്ത് ശോഭിക്കാന്‍ കഴിയൂ. കര്‍മരംഗം വിട്ട് വാര്‍ദ്ധക്യത്തില്‍ തിരിച്ച് കുടുംബത്തിലെത്തുമ്പോള്‍ മക്കളും മറ്റുള്ളവരും സ്നേഹവും പരിചരണവും നല്കണമെങ്കില് കര്‍മരംഗത്ത് നില്‍ക്കുമ്പോഴും കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ചെയ്തിരിക്കണം. കുടുംബത്തിലുള്ളവരുമായി നല്ല ബന്ധം നിലനിര്‍ത്തി കുടുംബത്തെ നന്നായി മുന്നോട്ടുനയിക്കേണ്ട ഉത്തരവാദിത്തം സ്ത്രീകള്‍ക്കുള്ളതാണ്. പുതിയ കാര്യങ്ങളെ ഉള്‍ക്കൊള്ളാനും പ്രയോഗത്തില്‍ വരുത്താനും കാലാനുസൃതമായ അറിവുകള്‍ ആര്‍ജിക്കാനും സ്ത്രീകള്‍ക്ക് കഴിയണം. തദ്ദേശഭരണ സ്ഥാപനങ്ങളിലെ സ്ത്രീകളായിട്ടുള്ള ജനപ്രതിനിധികള്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുന്നതിന് താല്പര്യം കാണിച്ചാല്‍ തങ്ങളുടെ കര്‍മരംഗങ്ങളില്‍ കൂടുതല്‍ ശോഭിക്കാന്‍ കഴിയുമെന്നും കളക്ടര്‍ പറഞ്ഞു.
അഡീഷണല്‍ ജില്ലാ ജഡ്ജി എസ്.സതീഷ്ചന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ അധ്യക്ഷനായിരുന്നു. ഡെപ്യുട്ടി ഡി.എം.ഒ ഡോ.റ്റി.അനിതകുമാരി, ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യുട്ടി ഡയറക്ടര്‍ ടി.എന്‍ മുരളീധരന്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സി.എസ് ഗണേഷ് ബാബു, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.ഒ അബീന്, കുടുംബശ്രീ ജില്ലാ മിഷന് അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ വി.എസ് സീമ, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ സി.എസ് അജീഷ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: