ഇരിട്ടി: ആറളം ഫാമില്‍ ആദിവാസി വീട്ടമ്മയെ ആന ചവിട്ടിക്കൊന്ന സംഭവത്തില്‍ ആദിവാസി നേതാവ് സി.കെ. ജാനുവിന്റെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം അരങ്ങേറി. പരിയാരം മെഡിക്കല്‍ കോളേജിലെ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ഫാമിലേക്ക് തിരിച്ചു കൊണ്ടുവന്ന മൃതദേഹം സംസ്കരിക്കാനായി കൊണ്ട് പോകുന്നത് ഇവര്‍ തടഞ്ഞു. ഇത് ഏറെ നേരത്തെ സംഘര്‍ഷത്തിനിടയാക്കി. മൂന്നു മണിക്കൂറോളം ആണ് മൃതദേഹം ആദിവാസികള്‍ അടക്കമുള്ളവര്‍ ഇവിടെ തടഞ്ഞു വെച്ചത്. ആറളം ഫാമില്‍ തുടര്‍ച്ചയായി ഉണ്ടാവുന്ന നാലാമത്തെ മരണമാണിതെന്നും ഇതിനു ശാശ്വത പരിഹാരം കാണാതെ മൃതദേഹം സംസ്കരിക്കാന്‍ അനുവദിക്കില്ലെന്നും സി.കെ.ജാനു അടക്കമുള്ളവര്‍ അധികൃതരോട് പറഞ്ഞു. ആറളം വനത്തോട് ചേര്‍ന്ന മറ്റു പ്രദേശങ്ങളില്‍ ഈയിടെ ഉണ്ടായ സമാന സംഭവങ്ങളില്‍ അവരോടു അധികൃതരും ഭരണകൂടവും കാണിച്ച നീതി ആദിവാസികള്‍ക്കും ലഭിക്കണം എന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഇനിയൊരു മരണം ഇവിടെ ഉണ്ടാവാത്ത വിധമുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്നും കലക്ടര്‍ സംഭവ സ്ഥലത്തെത്തി നേരിട്ട് ഉറപ്പു തന്നാലല്ലാതെ മൃതദേഹം കൊണ്ട് പോകാന്‍ അനുവദിക്കില്ലെന്നും ഇവര്‍ ശഠിച്ചു. ആദിവാസികള്‍ അല്ലാത്തവര്‍ കാട്ടാന അക്രമത്തില്‍ മരിച്ചപ്പോള്‍ ജനപ്രതിനിധികളും കളക്ടറും അടക്കം സ്ഥലത്തെത്തുകയും പരിഹാരം കാണുകയും ചെയ്തിരുന്നതായും ഇവര്‍ പറഞ്ഞു. ഇവിടെ ആദിവാസികളോട് അധികൃതര്‍ കാണിക്കുന്നത് ഇരട്ട നീതിയാണെന്നും തുല്യ നീതി ആദിവാസികള്‍ക്കും അവകാശപ്പെട്ടതാണെന്നും ഇവര്‍ വാദിച്ചു.
കലക്ടര്‍ മറ്റൊരു പരിപാടിയിലാണെന്നും വരുന്ന പതിമൂന്നാം തീയതി കലക്ടര്‍ സ്ഥലത്തെത്തി എല്ലാവരുമായി സംസാരിച്ചു വേണ്ട തീരുമാനങ്ങള്‍ കൈക്കൊള്ളാമെന്നും ആദ്യം അധികൃതര്‍ അറിയിച്ചെങ്കിലും ജാനു അടക്കമുള്ളവര്‍ എതിര്‍ത്തു. ഇന്ന് തന്നെ കലക്ടര്‍ സ്ഥലത്തെത്തണമെന്നും ഇല്ലെങ്കില്‍ മൃതശരീരം ഇവിടെത്തന്നെ ഇരിക്കട്ടെ എന്ന് ഉറപ്പിച്ചു പറയുകയും ചെയ്തു. മൃതദേഹം ഫ്രീസറില്‍ സൂക്ഷിക്കാനുള്ള ശ്രമം നടക്കുന്നതിനിടയില്‍ ഡെപ്യൂട്ടി കലക്റ്റര്‍ സ്ഥലത്തെത്തി. സിസിഎഫ് ശ്രവണ്‍ കുമാര്‍ വര്‍മ്മ, ഡിഎഫ്ഒ സുനില്‍ പാമടി, ഫ്ലയിംഗ് സ്ക്വാഡ് ഡിഎഫ്ഒ സി.വി.രാജന്, തഹസില്‍ ദാര്‍ കെ.കെ.ദിവാകരന്, ഡെപ്യൂട്ടി തഹസില്‍ദാര്‍ എ.വി.പത്മാവതി, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ജാനുവടക്കമുള്ള ആദിവാസി നേതാക്കളുമായി ചര്‍ച്ച നടത്തി. കലക്റ്റര്‍ ഇന്ന് സ്ഥലത്തെത്തി എല്ലാവരുമായി ചര്‍ച്ച ചെയ്തു വേണ്ട സംവിധാനഗല്‍ ഒരുക്കാം എന്ന് പറഞ്ഞെങ്കിലും ഞാനും സംഘവും ഇതിനു സമ്മതിച്ചില്ല. ഇതിനിടയില്‍ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും ഒരു വിഭാഗം സിപിഎം നേതാക്കളും ചേര്‍ന്ന് ബലമായി മൃതദേഹം ഇവിടെ നിന്നും ഇവരുടെ കുടുംബ സ്ഥലമായ പേരാവൂര്‍ നിടുംപുറംചാലിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി, നേതാക്കളായ സത്യന് കൊമ്മേരി, എം.ആര്.സുരേഷ്, ഗിരീഷ് പാലാപ്പറമ്പ്, പി.വി.അജയകുമാര്‍ തുടങ്ങിയവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: