കളമശേരി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനെ സ്ത്രീ സൗഹാര്‍ദ്ദ മെഡിക്കല്‍ കോളേജാക്കണമെന്നാവശ്യപ്പെട്ട് നഴ്‌സുമാര്‍ വീണ്ടും രംഗത്ത്. ഒരു വര്‍ഷം മുമ്പ് പ്രിന്‍സിപ്പലിന് സമര്‍പ്പിച്ച നിവേദനത്തിലെ പതിനഞ്ചിന ആവശ്യങ്ങള്‍ നടപ്പിലാക്കിയില്ലെന്ന പരാതിയുമായാണ് നഴ്‌സുമാര്‍ വീണ്ടും എത്തിയിരിക്കുന്നത്.
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എത്തുന്ന സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നഴ്‌സുമാര്‍ നിവേദനം നല്‍കിയത്.
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ രാത്രിയില്‍ വനിതകള്‍ക്കും നഴ്‌സുമാര്‍ക്കും പ്രത്യേക യാത്രാ സൗകര്യം ഏര്‍പ്പെടുത്തുക, മെഡിക്കല്‍ കോളേജിനകത്തും പരിസരങ്ങളിലും വിളക്കുകള്‍ സ്ഥാപിക്കുക, രാത്രി ആശുപത്രി കോമ്പൗണ്ടില്‍ പ്രവേശിക്കുന്നവര്‍ക്ക് പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കുക, പ്രധാന കേന്ദ്രങ്ങളില്‍ സിസിടിവി സ്ഥാപിക്കുക, ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ് എയ്ഡ് പോസ്റ്റില്‍ വനിത പോലീസുകാരെ നിയമിക്കുക, കോമ്പൗണ്ടിലെ കാടുകള്‍ വെട്ടിതെളിക്കുക, രാത്രി കാല കാന്റീന്‍ പ്രവര്‍ത്തനം തുടങ്ങിയ പതിനഞ്ചോളം ആവശ്യങ്ങളാണ് നഴ്‌സുമാര്‍ ഉന്നയിക്കുന്നത്.
നഴ്‌സുമാരുടെ ജോലിഭാരം കുറയ്‌ക്കാന്‍ ഒഴിവുള്ള തസ്തികകളില്‍ അടിയന്തരമായി നിയമനം നടത്തുക, യൂണിഫോം അലവന്‍സ് അനുവദിക്കുക എന്നിവയും നിവേദനത്തിലുണ്ട്.
















