തൊടുപുഴ: അന്താരാഷ്‌ട്ര വനിത ദിനത്തിന്റെ ഭാഗമായി തൊടുപുഴ പോലീസ് സ്റ്റേഷന്‍ ഇന്ന് വനിതകളുടെ കൈകളില്‍. ഡ്രൈവര്‍ മുതല്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ വരെയുള്ള ചുമതലകള്‍ വനിതകളാകും ഇവിടെ ഇന്ന് നിര്‍വ്വഹിക്കുക.
ജില്ലയില്‍ തന്നെ ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്റ്റേഷന്റെ ചുമതലയാണ് ഇന്ന് വനിത പോലീസുകാര്‍ ഏറ്റെടുക്കുന്നത്. പ്രിന്‍സിപ്പള്‍ എസ്‌ഐയായി വനിത സെല്‍ എസ്‌ഐ സുശീല, ജി. ഡി ചാര്‍ജായി മഞ്ജു, റൈറ്ററായി ഷിജി, ഡ്രൈവറായി അപര്‍ണ്ണ, ഡ്യൂട്ടി ചാര്‍ജായി സുജാത തുടങ്ങിയവരാണ് ഇന്ന് സ്‌റ്റേഷന്‍ നിയന്ത്രിക്കുക. പാറാവ് ഡ്യൂട്ടി മുതല്‍ കേസുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഇന്ന് വനിതകളാകും നേതൃത്വം നല്‍കുകയെന്ന് തൊടുപുഴ പ്രിന്‍സിപ്പല്‍ എസ്‌ഐ ജോബിന്‍ ആന്റണി പറഞ്ഞു.
മറ്റ് പോലീസുകാര്‍ കേസുകളുടെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ന് മാറും, നിലവില്‍ സ്റ്റേഷനിലുള്ള 10 വനിത പോലീസുകാരും വനിത സെല്ലിലെ 15 പേരും ചേര്‍ന്ന് 25 ഓളം പേരാണ് സ്‌റ്റേഷനിലാകെ ഉണ്ടാകുക. നിരവധി ആളുകളെത്തുന്ന സ്‌റ്റേഷന്റെ ചുമതല ഭംഗിയായി നിര്‍വ്വഹിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കാക്കിയിട്ട ഈ മിടുക്കികള്‍. ഡിവൈഎസ്പി ഓഫീസ്, സര്‍ക്കിള്‍ ഓഫീസ്, എസ്‌ഐ ഓഫീസ്, വനിത സെല്‍, ട്രാഫിക് പോലീസ് എന്നിവ അടങ്ങിയ ജില്ലയിലെ തന്നെ ഏറ്റവും വലിയ സ്‌റ്റേഷനാണ് തൊടുപുഴയിലേത്. മറ്റ് വിഭാഗങ്ങള്‍ പഴയപോലെ തന്നെ പ്രവര്‍ത്തിക്കും.
















