തുറവൂര്‍: സുരക്ഷാ സംവിധാനത്തിന്റെ അപാകത മൂലം അന്ധകാരനഴി കടല്‍ തീരത്ത് അപകടങ്ങള്‍ക്ക് സാധ്യത വര്‍ദ്ധിക്കുന്നു. ഇവിടെ സുരക്ഷ ഉറപ്പാക്കാന്‍ ലൈഫ് ഗാര്‍ഡ് മാരെ ഇതുവരെ നിയമിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
സുരക്ഷാ നടപടികള്‍ സ്വീകരിക്കുവാനുള്ള അടിയന്തര നടപടികളുണ്ടായില്ലെങ്കില്‍ അന്ധകാരനഴി തീരം വീണ്ടും അപകടമേഖലയാകും. ഞായറാഴ്ചയും മറ്റ് ഒഴിവുദിവസങ്ങളിലും വിദേശികളടക്കം നൂറുക്കണക്കിന് സഞ്ചാരികളാണ് ബീച്ചില്‍ എത്തുന്നത്. കടലില്‍ കുളിച്ചും ബീച്ചിന്റെ പ്രകൃതി ഭംഗി ആസ്വാദിച്ചുമാണ് ഇവര്‍ മടങ്ങുന്നത്. എന്നാല്‍ കടലിലെ ചുഴിയും അടിയൊഴുക്കും അറിയാതെയാണ് പലരും കടലില്‍ ഇറങ്ങുന്നത്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ കടലില്‍ ഇറങ്ങുന്നവരില്‍ ഉള്‍പ്പെടുന്നു.
അപകട സൂചനകള്‍ നല്കുന്ന ബോര്‍ഡുകളോ മറ്റു ക്രമീകരണങ്ങളോ ബീച്ചില്‍ ഇല്ല. ബീച്ചില്‍ എത്തുന്ന സഞ്ചാരികളെ നിയന്ത്രിക്കാന്‍ പൊലിസിന്റെ എയ്ഡ് പോസ്റ്റ് മാത്രമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. പട്ടണക്കാട് ഗ്രാമപഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ ആണ് ബീച്ചിന്റെ ചുമതല വഹിക്കുന്നത്. ബീച്ചില്‍ എത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും മറ്റു പ്രാഥമിക സൗകര്യങ്ങള്‍ക്കും പണം ഈടാക്കുന്നുണ്ടെങ്കിലും ബീച്ചിനെ സൗന്ദര്യവല്ക്കരിക്കാനോ, സുരക്ഷ ഉറപ്പാക്കുവാനോ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞിട്ടില്ല.
അന്ധകാരനഴി ബീച്ചില്‍ വികസനത്തിന് മന്ത്രി പി.തിലോത്തമന് അമ്പത് ലക്ഷം രൂപ അനുവദിച്ചെങ്കിലും ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും ആരംഭിക്കാന്‍ ഉദ്യോഗസ്ഥര്‍ അലംഭാവം കാണിക്കുന്നതായി ആരോപണമുയരുന്നു. സുനാമി ഫണ്ട് ഉപയോഗിച്ച് ബീച്ചില്‍ നിര്‍മിച്ച കെട്ടിടങ്ങളും ഉപകരണങ്ങളും നടപ്പാതകളും ഉദ്യോഗസ്ഥന്മാരുടെ അനാസ്ഥ മൂലം ഇപ്പോള്‍ നശിച്ച നിലയിലാണ്.കേരളത്തിലെ പ്രധാനപ്പെട്ട മനോഹര തീരങ്ങളിലൊന്നായ അന്ധകാരനഴി ബീച്ചില്‍ അപകട സാധ്യത മുന്‍നിര്‍ത്തി ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ക്രമികരിക്കുവാന്‍ ഇനിയെങ്കിലും ബന്ധപ്പെട്ടവര്‍ തയ്യാറാറാകണമെന്നാവശ്യം ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: