പുനലൂര്‍: നഗരസഭയുടെ ഉടമസ്ഥതയിലുള്ള പാര്‍ക്കില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. ചരിത്രസ്മാരകമായ തൂക്കുപാലത്തിനോട് ചേര്‍ന്നാണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. അര നൂറ്റാണ്ടോളം പഴക്കമുള്ള പാര്‍ക്കിന്റെ സ്ഥലം ഇപ്പോള്‍ അന്യാധീനപ്പെട്ട അവസ്ഥയിലാണ്.
ഒടുവില്‍ 35 സെന്റ് സ്ഥലത്താണ് പാര്‍ക്ക് പ്രവര്‍ത്തിച്ചുവരുന്നത്. എന്നാല്‍ കുറെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇവിടെ ആരംഭിച്ചതോടെ വീണ്ടും പാര്‍ക്കിന്റെ വിസ്തൃതി ചുരുങ്ങി. ചെടികളും തണല്‍വൃക്ഷങ്ങളും അടക്കമുള്ള പ്രകൃതിരമണീയപരിവേഷം പാര്‍ക്കിന് നഷ്ടപ്പെടുകയും ചെയ്തു. പാര്‍ക്കിന്റെ നിയന്ത്രണം നഗരസഭയുടെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന ജവഹര്‍ ബാലഭവനാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്. ബാലഭവന്‍ അധികൃതര്‍ വൈകുന്നേരങ്ങളില്‍ പാര്‍ക്കിന്റെ ഗേറ്റ് പൂട്ടി താക്കോല്‍ അവരുടെ കൈവശം സൂക്ഷിക്കുകയാണ് ചെയ്യുന്നത്. നേരത്തെ പുറത്തുനിന്നുള്ളവര്‍ മാനസികോല്ലാസത്തിനും മറ്റുമായി ഇവിടെയെത്തിയിരുന്നു. മാനസികഉല്ലാസത്തിന് പുനലൂരില്‍ മറ്റ് സൗകര്യങ്ങളൊന്നുമില്ല. പാര്‍ക്ക് കൂടി നഷ്ടപ്പെട്ടതോടെ പൊതുജനങ്ങളും നിരാശരായി.
കുട്ടികളുടെ പാര്‍ക്കെന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. വൈകിട്ട് നാലുമണിക്ക് ശേഷം കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കും പാര്‍ക്കില്‍ പ്രവേശനം അനുവദിക്കപ്പെട്ടതുമാണ്. രാത്രി ഒമ്പതുവരെയായിരുന്ന പ്രവര്‍ത്തനസമയം. റേഡിയോ, ടിവി, ദീപാലങ്കാരങ്ങള്‍ എന്നിവയെല്ലാം ഇവിടെയുണ്ടായിരുന്നു. ഇപ്പോള്‍ ഏതാനും കോണ്‍ക്രീറ്റ് ബെഞ്ചുകള്‍ മാത്രമാണ് അവശേഷിക്കുന്നത്.
















