കണ്ണൂര്‍: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സുരക്ഷിതാഹാരം ആരോഗ്യത്തിന്നാധാരം പരിപാടിയുടെ ഭാഗമായി ജില്ലയിലെ പാട്യം, കടമ്പൂര്, ചിറക്കല്‍, ചെറുകുന്ന് പഞ്ചായത്തുകളെ സമ്പൂര്‍ണ്ണ ഭക്ഷ്യസുരക്ഷാ ഗ്രാമപഞ്ചായത്തുകളാക്കി മാറ്റും. ഇതിന്റെ ഭാഗമായി വിവിധ പരിപാടികളാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നടപ്പിലാക്കി വരുന്നത്. സുരക്ഷിതമായ ഭക്ഷണം തെരഞ്ഞെടുക്കാനുളള മാര്‍ഗനിര്‍ദ്ദേശങ്ങള്‍, ഭക്ഷ്യവിഷബാധ ഉണ്ടാകാതിരിക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍, മായം ചേര്‍ത്ത ഭക്ഷണം തിരിച്ചറിയാനുളള വഴികള്‍, ഒഴിവാക്കേണ്ടതും കുറഞ്ഞ അളവില്‍ ഉപയോഗിക്കേണ്ടതുമായ ഭക്ഷ്യവസ്തുക്കള്‍, ഭക്ഷ്യസുരക്ഷാ നിയമം-2006 തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍, അംഗനവാടി, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കര്‍ഷകര്‍, കച്ചവടക്കാര്‍ എന്നിവര്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കും. 65 പൊതുകിണറുകളിലെ കുടിവെളളം പരിശോധനക്ക് എടുത്തുകഴിഞ്ഞു. സമ്പൂര്‍ണ്ണ ഭക്ഷ്യസുരക്ഷാ ലൈസന്‍സിങ്ങ് നടപ്പിലാക്കുന്നതിന് പഞ്ചായത്തുകളിലെ ഭക്ഷ്യവ്യാപാര സ്ഥാപനങ്ങളില്‍ കര്‍ശനമായ പരിശോധന നടത്തും. അംഗനവാടികളിലെയും സ്കൂളുകളിലെയും ഭക്ഷണവിതരണ സംവിധാനങ്ങള്‍ പരിശോധിച്ച് ഗുണനിലവാരവും ശുചിത്വവും ഉറപ്പുവരുത്തുന്നതുള്‍പ്പെടെയുളള പദ്ധതികള്‍ മാര്‍ച്ച് 20 വരെ നടപ്പാക്കുന്നുണ്ട്. പഞ്ചായത്ത് കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ റാലിയും സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: