സ്വന്തം ലേഖകന്‍
കുന്നത്തൂര്‍: അദ്ധ്യക്ഷന്‍ ഉള്‍പ്പെടെ ചുമതലപ്പെട്ടവര്‍ ആരും എത്തിച്ചേരാത്തതില്‍ പ്രതിഷേധിച്ച് ബിജെപിക്കൊപ്പം മറ്റ് രാഷ്‌ട്രീയപാര്‍ട്ടികളും കുന്നത്തൂര്‍ താലൂക്ക് വികസനസഭ ബഹിഷ്‌ക്കരിച്ചു.
രാഷ്‌ട്രീയ പരിപാടി ഉള്ളതിനാല്‍ അദ്ധ്യക്ഷനായ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ സഭയ്‌ക്ക് എത്തിയില്ല. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും അഞ്ച് പഞ്ചായത്ത് പ്രസിഡന്റുമാരും സഭയില്‍ പങ്കെടുത്തില്ല. പോലീസ് ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ഉന്നതഉദ്യോഗസ്ഥര്‍ കൂടി എത്താത്തതോടെ സഭ തുടരേണ്ടതില്ലെന്ന് ബിജെപി പ്രതിനിധി രാജേന്ദ്രന്‍ പിള്ള ആവശ്യപ്പെട്ടു. മറ്റ് രാഷ്‌ട്രീയകക്ഷി പ്രതിനിധികളും ഇതിനെ പിന്തുണയ്‌ക്കുകയും ഒരുമിച്ച് സഭ ബഹിഷ്‌കരിക്കുകയും ചെയ്തു. ഇതോടെ താലൂക്ക് വികസനസഭ മറ്റൊരു ദിവസത്തേയ്‌ക്ക് മാറ്റിവച്ചു. മാസങ്ങളായി വികസനസഭ പ്രഹസനമായി മാറുകയാണ്. പരസ്പരം പഴിചാരല്‍ മാത്രമാണ് നടക്കുന്നത്. എംഎല്‍എയുടെ പിടിപ്പുകേടാണ് മണ്ഡലത്തിലെ വികസന മുരടിപ്പിന് കാരണമെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് രാജേന്ദ്രന്‍പിള്ള ആരോപിച്ചു. താലൂക്ക് സഭയിലെ വികസന തീരുമാനങ്ങള്‍ നടപ്പിലാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്നും വികസനസമിതി പ്രഹസനമാകുന്ന പക്ഷം ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ബിജെപി മുന്നറിയിപ്പ് നല്‍കി.
















