അധ്യാപകന് ആറുവയസ്സുകാരികളെ പീഡിപ്പിച്ചു, സ്ക്കൂള് മാനേജറായ വൈദികന് പീഡിപ്പിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആണ്‍കുഞ്ഞിന് ജന്മം നല്കി, എഴുപതുകാരന് ആറു വയസ്സുകാരിയെ പീഡിപ്പിച്ചു തുടങ്ങി ഏറ്റവുമൊടുവില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അദ്ധ്യാപകന് വിദ്യാര്‍ത്ഥിനികളെ അപമാനിച്ചതായ സംഭവവും. വിദ്യാര്ത്ഥിനികല്ക്ക് നേരേയുളള പീഡനങ്ങളുടെ ഒരു പരമ്പര തന്നെയാണ് പ്രബുദ്ധരെന്ന് സ്വയം വിശ്വസിക്കുന്നവരുടെ നാടായ കണ്ണൂരില്‍ നിന്നും കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍. ആരേയും ഞെട്ടിക്കുന്ന സംഭവങ്ങളാണ് ഇവയെല്ലാം. ഇതെന്തുപറ്റി നമ്മുടെ നാടിനെന്ന് നാം ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു. പെണ്ബാല്യങ്ങള്ക്ക് നമ്മുടെ നാട്ടില്‍ സുരക്ഷിതമില്ലാതായോ? കാമവെറി പൂണ്ട് ഒരു വിഭാഗം സര്‍വ്വസീമകളും ലംഘിച്ച് വിളയാടുകയാണ്. ദൈവത്തിന്റെ പ്രതിപുരുഷനെന്ന് വിശേഷിപ്പിക്കപ്പെടുന്ന വൈദികന് മുതല്‍ പുതുതലമുറയ്ക്ക് അനുഭവങ്ങള്‍ പകര്‍ന്നു നല്‍കേണ്ട, നേര്വഴികാട്ടിയാവേണ്ട അധ്യാപകനും എഴുപതുവയസ്സുകാരനും വരെ ഇത്തരം അംഗീകരിക്കാനാവാത്ത തെറ്റുകള്‍ ചെയ്യുകയും രക്ഷപ്പെടാന്‍ പഴുതുകള്‍ നേടാന്‍ പലവിധ ശ്രമങ്ങളും നടത്തുകയും ചെയ്യുമ്പോള്‍ ഇതിനെതിരെ പൊതുസമൂഹവും ജില്ലാ ഭരണകൂടവും അടിയന്തിരമായി ഇടപെടേണ്ടിയിരിക്കുന്നു. കണ്ണൂരിനാകെ അപമാനവും പേരു ദോഷവും വരുത്തുന്ന ഇത്തരം സംഭവങ്ങള്‍ മേലില്‍ ആവര്‍ത്തിക്കാതിരിക്കാനുളള നടപടികളാണ് ഉണ്ടാവേണ്ടിയിരിക്കുന്നത്.
നിര്‍ധനകുടുംബങ്ങളാണ് ഇവിടങ്ങളിലെല്ലാം ചൂഷണത്തിനിരയായിരിക്കുന്നതെന്നതും ചിന്തനീയമാണ്. ഒരു വിദ്യാര്‍ത്ഥിനി വൈദികനാല്‍ പീഡിപ്പിക്കപ്പെടുക, മൂന്നാഴ്ച മുമ്പ് ആശുപത്രിയില്‍വെച്ച് കുഞ്ഞിന് ജന്മം നല്‍കുക, ഇക്കാര്യം ദിവസങ്ങളോളം മറച്ചുവെക്കുക, അധികാരത്തിന്റെ സ്വാധീനത്തിന്റെയും പണത്തിന്റെയും തണലില്‍ ഇവയെല്ലാം മൂടിവെയ്ക്കപ്പെടുക, പക്ഷെ സത്യം ഒരു പാടുകാലം മൂടിവെക്കാനാവില്ലെന്ന യാഥാര്‍ത്ഥ്യം ഇവിടെയും ശരിയായി. എന്നാല്‍ എത്രയോ കാലത്തെ ഭീകരമായ പീഡനങ്ങളുടെ കഥകളാണ് വൈദികനുമായി ബന്ധപ്പെട്ട് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. വൈദികന്റെ ഭാഗത്തു നിന്നുള്ള ക്രൂരകൃത്യം മാത്രമല്ല, ഇത് പുറംലോകം അറിയാതിരിക്കാനുള്ള ഉന്നതകേന്ദ്രങ്ങളുടെ ഇടപെടലും ഗൂഡാലോചനയും ഉണ്ടായി എന്ന വിവരമാണ് പുറത്തു വന്നിട്ടുളളത്.
വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായ ഘട്ടംതൊട്ട് മാതാപിതാക്കളെ സ്വാധീനിക്കാന്‍ ശ്രമം. പ്രലോഭനങ്ങള്‍, ഭീഷണികള്‍- ഒടുവില്‍ സ്വന്തം മകളുടെ ഗര്‍ഭത്തിന് ഉത്തരവാദി മകളുടെ അച്ഛനായ തന്റെ ഭര്‍ത്താവിനാണെന്ന് കുട്ടിയുടെ അമ്മക്ക് പറയേണ്ടിവരിക. ലജ്ജിക്കുകയല്ലാതെ മറ്റെന്തു ചെയ്യാന്‍. ആരാധനാലയത്തിന്റെ പരിപാവനത കാത്തു സൂക്ഷിക്കേണ്ട വൈദികന് പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ഇതിനകത്തു വെച്ചായിരുന്നുവെന്ന വാര്‍ത്ത, ഗര്‍ഭിണിയായ പെണ്‍കുട്ടിയുടെ പ്രസവം നടത്താന്‍ സഭയുടെ കീഴിലുളള ആശുപത്രിയില്‍ നടന്ന കള്ളകളികള്‍, പ്രസവിച്ചയുടന്‍ സഭയുടെ കീഴിലുളള അനാഥാലയത്തിലേക്ക് മാറ്റിയ സംഭവം-ഇതെല്ലാം കേവലം ഒരു പളളിവികാരിയും സ്ക്കൂള് മാനേജറുമായ ഒരൊറ്റയാള്‍ വിചാരിച്ചാല്‍ നടക്കുന്നതല്ല. ഇതിനു പിന്നില്‍ വന്‍ ശൃംഖലതന്നെ പ്രവര്‍ത്തിച്ചിട്ടുണ്ട്. സഭയുടെ സ്ഥാപനങ്ങളില്‍ ഇത്രയും വലിയ സംഭവങ്ങള്‍ ഇരുചെവിയറിയാതെ നടക്കണമെങ്കില്‍ എവിടെയൊക്കെയോ എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട്. പളളിമേധാവികളും രൂപതാ അധികൃതര്‍ പോലും സംശയത്തിന്റെ നിഴലിലാണ്. ഇതെല്ലാം വളരെ സമഗ്രവും നിക്ഷ്പക്ഷവുമായ അന്വേഷണത്തിലൂടെ മാത്രമേ പുറത്തു കൊണ്ടുവരാന്‍ സാധിക്കൂ. ഇതിനാകണം അധികൃതരുടെ ആദ്യശ്രമം. അതൊടൊപ്പം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തുടര്ബോധവല്ക്കരണ പരിപാടികളും വിദ്യാര്‍ത്ഥികള്‍ക്കിടയിലും പൊതുസമൂഹത്തിലും നടത്തണം. ഇത്തരം നിരവധി സംഭവങ്ങള്‍ നമുക്കിടയില്‍ നടക്കുന്നു. പക്ഷേ, പുറംലോകമറിയാതെ, ചിലതു മാത്രം പലനാള്‍ കട്ടാല്‍ ഒരുനാള്‍ പിടിക്കപ്പെടുമെന്നു പറഞ്ഞതുപോലെ പുറത്തറിയുന്നു. ശാശ്വത പരിഹാരമുണ്ടാവണം. സമൂഹം ഒന്നാകെ ഉണര്‍ന്നു പ്രവര്‍ത്തിക്കണം.
വൈദികന് സമാനമോ അതിനേക്കാള്‍ മുകളിലോ ആണ് ഗുരുനാഥന് സമൂഹം നല്‍കിയിരിക്കുന്ന സ്ഥാനം. ഇങ്ങനെയുളള അധ്യാപകരും ഇത്തരം ദുഷ്പ്രവൃത്തികള്ക്കിറങ്ങിത്തിരിച്ചാല് സമൂഹം ആരെ വിശ്വസിക്കും. ഗുരുവിന് പ്രഥമസ്ഥാനം നല്കുന്ന നാട്ടിലാണ് ഗുരുപരമ്പരയിലെ കണ്ണിയായ 34 വയസ്സുകാരനായ അധ്യാപകന് സ്വന്തം സ്ക്കൂളിലെ ഏറ്റവും താഴ്ന്ന ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെ പീഢനത്തിനിരയാക്കിയ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. മാട്ടൂല്‍ പഞ്ചായത്തിലെ ഒരു സര്‍ക്കാര്‍ എല്‍പി സ്ക്കൂളിലാണ് സംഭവം. ഇത്തരത്തില്‍ സമൂഹത്തില്‍ ഉന്നത സ്ഥാനത്തിരിക്കുകയും സമൂഹം ബഹുമാനത്തോടെ നോക്കിക്കാണുകയും ചെയ്യുന്നവര്‍ ഇത്തരം കടുംകൈകള്‍ ചെയ്താല്‍ സമൂഹത്തിന്റെ സ്ഥിതി എന്താവും. കണ്ണില്‍ ചോരയില്ലാത്ത, സ്വന്തം മക്കളേയും കുടുംബത്തേയും സഹോദരിമാരേയും തിരിച്ചറിയാത്ത, ഓര്‍മ്മയില്ലാത്ത കാമഭ്രാന്തന്മാര്ക്ക് അന്യരാജ്യങ്ങളിലും മറ്റും നിലവിലുളള ശിക്ഷകള്‍ നല്കാന് നമ്മുടെ നാട്ടിലും നിയമ നിര്‍മ്മാണങ്ങള്‍ നടത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് സാഹചര്യങ്ങള്‍ വിരല്ചൂണ്ടുന്നതെന്നേ കണ്ണൂരാന്‍ പറയാനുളളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: