കോഴഞ്ചേരി:ഹൈന്ദവ സേവാ സമിതി നിര്‍മ്മിക്കുന്ന കോഴഞ്ചേരി പള്ളിയോടത്തിന്റെ മലര്‍ത്തല്‍ കര്‍മ്മം ഇന്ന് വൈകിട്ട് 4 മണിക്ക് പള്ളിയോട സേവാസംഘം പ്രസിഡന്റ് ഡോ. കെ.ജി. ശശിധരന് പിള്ള നിര്‍വ്വഹിക്കും. ആറന്മുള പള്ളിയോട സേവാസംഘം ഭാരവാഹികളും 51 പള്ളിയോട കരകളിലെ ഭാരവാഹികളും കരയിലെ പ്രമുഖരും പങ്കെടുക്കും.
പ്രമുഖ പള്ളിയോട ശില്പിയായ ചങ്ങങ്കരി വേണു ആചാരിയും മകന് വിഷ്ണുവും അടങ്ങുന്ന വിദഗ്ദ്ധ സംഘമാണ് പള്ളിയോട നിര്‍മ്മാണത്തിന് നേതൃത്വം കൊടുക്കുന്നത്. 2017 സെപ്റ്റംബര്‍ 8 ാം തീയതി നടക്കുന്ന ആറന്മുള ഉതൃട്ടാതി വള്ളംകളിയില്‍ ഈ വര്‍ഷം കോഴഞ്ചേരി പുത്തന്‍ പള്ളിയോടം പങ്കെടുക്കും. എ ബാച്ചിലേക്കായി 46 1/4 കോല് നീളവും 66 അംഗുലം ഉടമയും അമരത്തിന് 18 അടി പൊക്കവും അണിയത്തിന് 4.5 അടി പൊക്കവും ഉള്ള പള്ളിയോടമാണ് നിര്‍മ്മിക്കുന്നത്. ഇരുമ്പുപണികള്ക്ക് രാധാകൃഷ്ണനും തടിയറപ്പ് ജോലികള്‍ക്ക് ഗോപിയും നേൃത്വത്വം നല്കുന്നു. 40 ലക്ഷം രൂപയാണ് പള്ളിയോടത്തിന്റെ നിര്‍മ്മാണ ചിലവ്.
പൊന്‍കുന്നം ചിറക്കടവ്, തണ്ണിത്തോട് എന്നിവിടങ്ങളില്‍ നിന്നാണ് പള്ളിയോട നിര്‍മ്മാണത്തിനാവശ്യമായ 800 ക്യുബിക് അടി ആഞ്ഞിലിത്തടി കണ്ടെത്തിയത്. ഭാരവാഹികളായ കെ. ജി. ശശിധരന് പിള്ളി, കെ.കെ. അരവിന്ദാക്ഷന് നായര്‍, പ്രസാദ് ആനന്ദഭവന്, ചന്ദ്രശേഖരകുറുപ്പ്, അമ്പോറ്റി കോഴഞ്ചേരി, അശോക് കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: