പന്തളം: മാറിമാറി വരുന്ന സംസ്ഥാന സര്‍ക്കാരുകളുടെ പന്തളത്തോടുള്ള അവഗണനയ്ക്ക് ഇത്തവണത്തെ ബജറ്റില്‍ അല്പമെങ്കിലും പരിഹാരം പ്രതീക്ഷിച്ച പന്തളത്തെ ജനങ്ങള്‍ക്ക് നിരാശ മാത്രം ബാക്കി.
പന്തളത്തുകാര്‍ ഏറെ പ്രതീക്ഷിച്ച ഒന്നാണ് കെഎസ്ആര്‍ടിസി ഡിപ്പോയുടെ വികസനം. 30 വര്‍ഷം മുമ്പ് 18 ബസ്സുകളുമായി സബ് ഡിപ്പോയായി പ്രവര്‍ത്തനമാരംഭിച്ചതാണിത്. രമേശ് ചെന്നിത്തല യുടെ എംപി ഫണ്ടില്‍ നിന്നും 11 ലക്ഷം രൂപ മുടക്കി ദീര്‍ഘവീക്ഷണമില്ലാതെഅശാസ്ത്രീയമായി കെട്ടിടം പണിതതാണ് ഏകവികസനം ഇവിടെയുള്ള ജീവനക്കാര്‍ക്ക് വിശ്രമിക്കാനും ഓഫീസുകള്‍ പ്രവര്‍ത്തിക്കാനും ഒട്ടും സൗകര്യമില്ലാത്തതുമാകയാല്‍ ഡിപ്പോ തുടങ്ങിയപ്പോള്‍ താല്‍ക്കാലികമായി പണിത കെട്ടിടമാണ് ജീവനക്കാര്‍ക്ക് ഇപ്പോഴും ആശ്രയം. ഈ കെട്ടിടം ഭിത്തികള്‍ വിണ്ടുകീറി നിലംപൊത്താറായ അവസ്ഥയിലായതിനാല്‍ ജീവനക്കാര്‍ ഭയത്തോടെയാണ് ഇതില്‍ കഴിയുന്നത്. പുറമ്പോക്കു ഭൂമിയുള്‍പ്പെടെ നാലേക്കറോളം സ്ഥലമാണ് ഡിപ്പോയ്ക്കുള്ളത്. ഇതില്‍ കൂടുതലും കാടു പിടിച്ചു കിടക്കുകയാണ്.
വര്‍ഷങ്ങളായി ജനങ്ങളുടെ ആവശ്യമാണ് ഇത് എറ്റിഒ ആയി ഉയര്‍ത്തണമെന്നത്. പന്തളം ഡിപ്പോ പ്രവര്‍ത്തനമാരംഭിച്ചതിനുശേഷം തുടങ്ങിയ അടൂര്‍ ഡിപ്പോ എറ്റിഒ ആയി ഉയര്‍ത്തിയ സര്‍ക്കാര്‍ പന്തളത്തെ ഓപ്പറേറ്റിംഗ് സെന്ററായി തരം താഴ്ത്തിയതാണ് ഡിപ്പോയ്ക്കു വിനയായത്. ഇതോടെ, ഇവിടെ നിന്നും ലാഭത്തില്‍ ഓടിക്കൊണ്ടിരുന്ന സൂപ്പര്‍ ഫാസ്റ്റും മറ്റു ദീര്‍ഘദൂര സര്‍വ്വീസുകളും പിന്‍വലിക്കുകയും ചെയ്തു. പ്രവര്‍ത്തനം തുടങ്ങി ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വെറും 22 ബസ്സുകള്‍ മാത്രമാണുള്ളത്. ഇത്രയും ബസ്സുകള്‍ സര്‍വ്വീസ് നടത്തുവാന്‍ ഡ്രൈവറും കണ്ടക്ടറുമായി 60 പേരാണ് വേണ്ടത്. എന്നാല്‍ 7 ഡ്രൈവര്‍മാരുടെയും 4 കണ്ടക്ടര്‍മാരുടെയും കുറവാണിവിടെയുള്ളത്. ഈ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് മിക്ക ദിവസങ്ങളിലും 20 സര്‍വീസുകള്‍ നടത്താറുമുണ്ട്. നടത്തുന്ന സര്‍വ്വീസുകളുടെ അടിസ്ഥാനത്തില്‍ ഏണിംഗ് പെര് കിലോമീറ്റര്‍ അനുസരിച്ച് സാധാരണ ദിവസങ്ങളില്‍ മാത്രം കൊല്ലം സോണില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള ഡിപ്പോയാണ് പന്തളത്തേത്. എന്നിട്ടും, കെഎസ്ആര്‍ടിസിക്ക് ഏറെ ലാഭമുണ്ടാക്കുന്ന ഈ ഡിപ്പോയുടെ വികസനത്തിന് സര്‍ക്കാര്‍ തയ്യാറാകുന്നില്ല.
മുന്‍ കാലങ്ങളില്‍ ശബരിമല തീര്‍ത്ഥാടനക്കാലം തുടങ്ങുന്നതിനു മുമ്പ് ബസ് സ്റ്റാന്‍ഡിനുള്ളില്‍ ടാറിംഗ് നടത്തുമായിരുന്നു. എന്നാല്‍ രണ്ടു വര്‍ഷമായി ടാറിംഗ് നടത്താത്തതിനാല്‍ സ്റ്റാന്‍ഡാകെ തകര്‍ന്ന് കുഴികളായിരിക്കുകയാണ്. വേനലില്‍ ഇവിടെ നിന്നുയരുന്ന പൊടി സ്റ്റാന്‍ഡിലെത്തുന്നവര്‍ക്കും പരിസരവാസികള്‍ക്കും ശ്വാസകോശസംബന്ധമായ ബുദ്ധിമുട്ടുകളുണ്ടാക്കുന്നു. മഴപെയ്താല്‍ കുഴികള്‍ വെള്ളം നിറഞ്ഞ് ചെളിക്കുളങ്ങളായി മാറി ആ തരത്തിലും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. ഇവിടെയെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വക്കാനും മതിയായ സൗകര്യങ്ങളില്ല. ഇതിനായി മൂര്‍ഖനുള്‍പ്പെടെയുള്ള വിഷപ്പാമ്പുകള്‍ നിറഞ്ഞ കുറ്റിക്കാടിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ചുറ്റുമതിലില്ലാത്തതിനാല്‍ സ്റ്റാന്‍ഡിനുള്ളില്‍ നിരവധി തെരുവുനായ്ക്കളാണ് എപ്പോഴും വിഹരിക്കുന്നത്. അടുത്ത കാലത്ത് ഒരു ഡ്രൈവറേയും 2 മെക്കാനിക്കുകളേയും തെരുവുനായ കടിച്ച സംഭവവുമുണ്ടായി.
ശബരിമലയുടെ മൂലസ്ഥാനമാകയാല്‍ തീര്‍ത്ഥാടന കാലത്ത് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ആയിരക്കണക്കിനു തീര്‍ത്ഥാടകരാണ് ഇവിടെയെത്തുന്നത്. എങ്കിലും, പന്തളം ഡിപ്പോയില്‍ നിന്നും തീര്‍ത്ഥാടകര്‍ക്കാവശ്യമുള്ള സര്‍വ്വീസുകള്‍ നടത്തുന്നതിനും അധികൃതര്‍ തയ്യാറാകുന്നില്ല. വൈകിട്ട് 6.15ന് പമ്പയ്ക്കുള്ള സ്ഥിരം സര്‍വ്വീസ് കൂടാതെ 9 മണിയോടെ ഒരു ബസ് കൂടി മാത്രമാണ് ഇവിടെനിന്നും ശബരിമലയ്ക്കയക്കുന്നത്. ഇക്കഴിഞ്ഞ തീര്‍ത്ഥാടനകാലത്ത് ഒരു സര്‍വ്വീസ് കൂടി നടത്തിയെങ്കിലും അതും പര്യാപ്തമായിരുന്നില്ല. ഇതു മൂലം പന്തളത്തു കാത്തുനില്ക്കുന്നവര് ശബരിമല വരെ നിന്നു യാത്ര ചെയ്യുകയോ അല്ലെങ്കില്‍ ചെങ്ങന്നൂരോ പത്തനംതിട്ടയിലോ പോയി പമ്പക്കുള്ള ബസ്സിനെ ആശ്രയിക്കുകയോ ആയിരുന്നു ചെയ്തത്. ഇതിനും പരിഹാരമാകണമെങ്കില്‍ ഇത് എറ്റിഒ ആയി ഉയര്‍ത്തുകയാണു വേണ്ടത്. ഇവിടെ ആകെയുണ്ടായിട്ടുള്ള പുരോഗതി അടുത്ത കാലത്ത് കാട്ടിനുള്ളില്‍ സ്ഥാപിച്ചിട്ടുള്ള ഫെഡറല്‍ ബാങ്കിന്റെ എടിഎം കൗണ്ടര്‍ മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: