വള്ളിക്കുന്ന്: ഉത്തരമലബാറിലെ പ്രസിദ്ധമായ നിറംകൈതക്കോട്ട മേക്കോട്ട താലപ്പൊലി മഹോത്സവം ഭക്തസാന്ദ്രമായി. ഇന്നലെ പുലര്‍ച്ചെ ഉഷപൂജയോടെ ആരംഭിച്ച ചടങ്ങുകള്‍ക്ക് തന്ത്രി ചിറംമംഗലത്ത് നാരായണന് നമ്പൂതിരിയും ശാന്തി പി.നന്ദേഷും കാര്‍മികത്വം വഹിച്ചു. പനമണ്ണ രാഘവാര്യര്‍ നടത്തിയ അഷ്ടപദിയും ചെത്തല്ലൂര്‍ രതീഷും സംഘവും അവതരിപ്പിച്ച നാദസ്വരവും ശ്രദ്ധേയമായി.
പൂമൂടല്‍, ഉച്ചപൂജ എന്നിവക്ക് ശേഷം ക്ഷേത്രനടയില്‍ നടന്ന ആല്‍ത്തറമേളത്തിന് തൃപ്രങ്ങോട് പരമേശ്വരമാരാരും സംഘവും നേതൃത്വം നല്കി. പ്രധാന ചടങ്ങായ മഹാഗുരുതിക്ക് എ.ആര്.സുന്ദരന്‍ നേതൃത്വം നല്കി. എ.ആര്.ഹരികുറുപ്പിന്റെയും ശ്രികുറുപ്പിന്റെയും നേതൃത്വത്തില്‍ കളംവരക്കല്‍ നടന്നു. കലാമണ്ഡലം ബലരാമനും പോരൂര്‍ ഉണ്ണികൃഷ്ണനും ഒരുക്കിയ ഇരട്ട തായമ്പക ആസ്വാദകരുടെ മനംകവര്‍ന്നു.
രാത്രി 11.30ന് ഗജവീരന്മാരുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ താലപ്പൊലി എഴുന്നെള്ളെത്ത് നടന്നു. താലത്തില്‍ വെളിട്ടപ്പാട് അരിയെറിഞ്ഞതോടെ ഒന്നരകിലോമീറ്റര്‍ അകലെയുള്ള ക്ഷേത്രത്ത ലക്ഷ്യമാക്കി ദുര്‍ഘടമായ പാതയിലൂടെ ഓടിയെത്തുന്നതും ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. നിരിച്ചെഴുന്നെള്ളത്ത് ക്ഷേത്രത്തിലേക്ക് പ്രവേശിച്ച് കളപ്രദക്ഷിണം, കളം മായിക്കല്‍, അരിയെറിയല്‍, ഗുരുതിതര്‍പ്പണം എന്നിവയോടെ ചടങ്ങുകള്‍ സമാപിച്ചു.
ക്ഷേത്രപരിസരത്ത് നടന്ന സാംസ്കാരിക സമ്മേളനത്തില്‍ സംഗീത സംവിധായകന് വിദ്യാധരന് മാസ്റ്റര്‍ക്ക് മേക്കോട്ട ഭഗവതിപുരസ്കാരം സമ്മാനിച്ചു. ചടങ്ങില്‍ ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് പി.എം.നന്ദകുമാര്‍ അദ്ധ്യക്ഷനായി. കോഴിക്കോട് മെഡിക്കല്‍ കോളേജിന് ക്ഷേത്ര കമ്മറ്റി നല്കുന്ന ഡ്രിപ്പ് സ്റ്റാന്‍ഡും ചടങ്ങില്‍ കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: