മറയൂര്‍: മദ്യലഹരിയില്‍ അമിത വേഗത്തിലോടിച്ച കാറിടിച്ച് മൂന്ന് വാഹനങ്ങള്‍ തകര്‍ന്നു. രണ്ട് പേര്‍ക്ക് പരിക്ക്. പ്രതി പിടിയില്‍. അടിമാലി ഇരുമ്പുപാലം നെടിയച്ചാല്‍ ജിഷ്ണു (23) ആണ് മറയൂര്‍ പോലീസിന്റെ പിടിയിലായത്.
ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ടൗണില്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് ഇരുചക്രവാഹനങ്ങളാണ് യുവാവിന്റെ പരാക്രമത്തില്‍ തകര്‍ന്നത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ച് പോയ ഒരു സ്‌കൂട്ടറിടിച്ച് മറ്റൊരു കാറിന
ും കേട് പറ്റി. തുടര്‍ന്ന് അമിത വേഗത്തിലോടിച്ചുപോയ കാര്‍ പുളിക്കരവയലില്‍ വെച്ച് ഒരു സ്ത്രീയെയും ഇടിച്ച് തെറിപ്പിച്ചു. വഴിയരികില്‍ സംസാരിച്ച് കൊണ്ടിരുന്ന ആളെയും കാറിടിച്ചു. ഇരുവരുടെയും പരിക്ക് സാരമല്ല. വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മീന്‍ കച്ചവടത്തിനായി മറയൂരില്‍ പതിവായി എത്തുന്നയാളാണ് ജിഷ്ണു. ജീപ്പില്‍ പിന്തുടര്‍ന്നെത്തിയാണ് കാര്‍ പോലീസ് പിടിച്ചെടുത്തത്. ഇയാള്‍ മദ്യപിച്ചിരുന്നതായും അപകടമായ ഡ്രൈവിങ്ങിന് കേസെടുത്തതായും പോലീസ് അറിയിച്ചു.
















