ചേര്‍ത്തല: കോഫി ഹൗസ് തൊഴിലാളികളുടെ തൃശൂരില്‍ നടന്ന സംയുക്ത യൂണിയന്‍ സമരത്തില്‍ ബിജെപിയുടെ കൊടിയേന്തിയെന്ന് ആരോപണം. സിപിഎം പ്രാദേശിക നേതാവിനെതിരെ നേതൃത്വത്തിന്റെ നടപടി. പള്ളിപ്പുറത്തെ നേതാവിനെതിരെയാണ് നടപടിക്കൊരുങ്ങുന്നത്.
വിഭാഗീയത രൂക്ഷമായതോടെ ഒരു വിഭാഗം പാര്‍ട്ടി വിടാനൊരുങ്ങുകയാണെന്നാണ് വിവരം. മനുഷ്യചങ്ങലയില്‍ ഭാര്യയെ പങ്കെടുപ്പിക്കാത്തതിന്റെ പേരില്‍ മറ്റൊരു പ്രാദേശിക നേതാവും പാര്‍ട്ടി നേതൃത്വത്തിന്റെ നടപടിക്കിരയായി. എന്നാല്‍ നേതൃത്വത്തിന്റെ നിലപാടുകളെ ചോദ്യം ചെയ്തതാണ് നടപടിക്ക് കാരണമായതെന്നാണ് ഇവരെ അനുകൂലിക്കുന്നവരുടെ വാദം. നേതാക്കളില്‍ പലരും റിയല്‍ എസ്‌റേററ്റ് ഇടപാടുകളില്‍ പങ്കാളികളാകുന്നതായും പ്രദേശത്ത് വ്യാപകമായി നടക്കുന്ന നിലം നികത്തലിന് ഒത്താശ ചെയ്യുന്നതായും ആരോപണമുണ്ട്.
നേതാക്കളുടെ റിയല്‍ എസ്റ്റേറ്റ് ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ജില്ലാ സംസ്ഥാന നേതൃത്വത്തിന് പരാതി അയച്ചിട്ടുണ്ടത്രേ. നേരത്തെ ഒരു പ്രാദേശിക നേതാവ് പാര്‍ട്ടി വിട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് പ്രതിസന്ധിക്ക് കാരണം. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാതെ പാര്‍ട്ടി വിട്ട നേതാവിനോട് അടുപ്പമുള്ളവരോട് നേതൃത്വം പ്രതികാരം ചെയ്യുകയാണ് എന്നാണ് ഒരു വിഭാഗം പറയുന്നത്.
















