പത്തനാട്: കറുകച്ചാല്‍-മണിമല, ചങ്ങനാശേരി-വാഴൂര്‍ റോഡുകളെ ബന്ധിപ്പികുന്ന മൂന്നരകിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മൂലേപ്പീടിക-പത്തനാട് പൊതുമരാമത്ത് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധമേറുന്നു. ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടുംകുഴിയും രൂപപ്പെട്ടതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം ദുഷ്ക്കരമായി. റോഡിന്റെ വശങ്ങളിലെ മണ്ണ് ഒലിച്ചുപോയതിനാല്‍ നിലം നിരപ്പില്‍നിന്നും ടാറിംഗ് ഉയര്‍ന്നു നില്‍ക്കുന്നത് സൈഡ് കൊടുക്കുമ്പോള്‍ ചെറുവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതിന് ഇടയാകുന്നു. റോഡിന്റെ പലഭാഗങ്ങളിലും ആവശ്യത്തിന് വീതിയില്ലാത്തതും അപകടത്തിന് കാരണമാകുന്നുണ്ട്.
വശങ്ങളിലെ ഓടകള്‍ മണ്ണും, ചവറും, മറ്റ് മാലിന്യങ്ങളും അടിഞ്ഞുകുടിയിരിക്കുന്നതിനാല് മഴപെയ്യുമ്പോള്‍ വെള്ളം ഒഴുകി പോകാന്‍ സാധിക്കാതെ റോഡില്‍ കെട്ടികിടക്കുന്നത് ടാറിംഗ് ഇളകാനും കാരണമാകുന്നു. അപകടരഹിതമായ രീതിയില്പുനരുദ്ധാരണ പ്രവര്‍ത്തനം നടത്തി സഞ്ചാര യോഗ്യമാക്കണം എന്ന ആവശ്യം ശക്തമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: