പാനൂര്‍: പാനൂര്‍ താലൂക്ക് ആശുപത്രി സ്ഥലം പളളിക്കമ്മറ്റി കയ്യേറിയതായി അന്വേഷണ കമ്മീഷന്. ജനകീയവേദി സെക്രട്ടറി ഇ.മനീഷ് സംസ്ഥാന ലീഗല്‍ സര്‍വ്വീസ് അതോറിറ്റി ചെയര്‍മാനും ഹൈക്കോടതി ജഡ്ജിയുമായ തോട്ടത്തില്‍ രാധാകൃഷ്ണനു നല്കിയ പരാതിയെ തുടര്‍ന്നാണ് ഇന്നലെ പരിശോധന നടന്നത്. 1960ല്‍ ബാസല്‍മിഷന്‍ ചര്‍ച്ച് സര്‍ക്കാര്‍ ആശുപത്രിക്കായി കൈമാറിയ 36 സെന്റ് സ്ഥലത്തുളള 6 സെന്റ് സ്ഥലമാണ് പളളിക്കമ്മറ്റി കൈക്കലാക്കിയത്. കൈയ്യേറിയ സ്ഥലത്ത് നജാത്തുല്‍ ഇസ്ലാം നേഴ്സറി സ്കൂള്‍ കെട്ടിടവും രണ്ട് കടമുറികളും നിര്‍മ്മിച്ചിട്ടുണ്ട്. 6 സെന്റ് സ്ഥലത്തിന്റെ നികുതി 2011 മുതല്‍ പളളിക്കമ്മറ്റി അടക്കുന്നുണ്ട്.‘ഭരണസ്വാധീനമുപയോഗിച്ച് തരപ്പെടുത്തിയതാണ് ഇതെന്ന് വ്യക്തമാണ്. തലശേരി മുന്‍സീഫ് കോടതിയില്‍ സ്ഥലം കയ്യേറിയതിനെതിരെ കേസ് നിലവിലുണ്ട്. ആശുപത്രി സ്ഥലം പളളിക്കമ്മറ്റി സൗജന്യമായി നല്‍കിയതാണെന്ന അവകാശവാദമാണ് ഇതുവരെ കമ്മറ്റി ഉയര്‍ത്തിയിരുന്നത്. ടൗണിലെ മിക്ക വ്യാപാരകേന്ദ്രങ്ങളും പളളിക്കമ്മറ്റിയുടെ അധീനതയിലാണ്. വഖഫ് ബോര്‍ഡിന്റെ കീഴിലാണ് ഇതെല്ലാം. നിലവിലെ ആശുപത്രി അവിടെ നിന്നും മാറ്റാനുളള തീരുമാനം 2015 ല്‍ കൈകൊണ്ടെങ്കിലും ഇതുവരെ നടപടികള്‍ ആയിട്ടില്ല. സ്ഥലമെടുപ്പിനായി കോടികള്‍ പിരിച്ചെങ്കിലും രജിസ്ട്രേഷന് നടന്നിട്ടില്ല. ഇതിനെല്ലാം പിന്നില്‍ വന്‍ അഴിമതിയാണ് നടന്നിട്ടുളളത്. കൂത്തുപറമ്പ്, പാനൂര്‍ നഗരസകളില് നിന്നും, മണ്ഡലത്തിലെ മറ്റ് പഞ്ചായത്തുകളില്‍ നിന്നും വീടുകള്‍ കയറി സ്ഥലമെടുപ്പിന് പണം പിരിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെ കണക്കവതരിപ്പിട്ടില്ല. മുന്‍മന്ത്രി കെ.പി.മോഹനന് ചെയര്‍മാനും, മുന്‍ബ്ലോക്ക് പ്രസിഡണ്ട് കെ.പി.വസന്തകുമാരി കണ്‍വീനറും, പി.പി.എ.സലാം ട്രഷററുമായ കമ്മറ്റി രൂപീകരിച്ചാണ് സ്ഥലമെടുപ്പിന് പണം പിരിച്ചത്. ബസ്റ്റാന്‍ഡ് ബൈപാസ് റോഡില്‍ ഇതിനായി ഒരു ഏക്കര്‍ 22സെന്റ് സ്ഥലം കണ്ടെത്തുകയും അഡ്വാന്‍സ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ രജിസ്ട്രേഷന് നടപടികള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. പുതിയ മന്ത്രിസഭ അധികാരത്തില്‍ വരികയും മണ്ഡലത്തില്‍ നിന്നും എംഎല്‍എ ആയ കെ.കെ.ശൈലജ ആരോഗ്യമന്ത്രി ആയിട്ടും സ്ഥലമെടുപ്പ് നടപടി ആയില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഉള്‍പ്പെട്ട കമ്മറ്റിയാണ് പണം പിരിച്ചത്. ലക്ഷങ്ങള്‍ പിരിച്ച് ചില വ്യക്തികളുടെ കൈവശം വെച്ചിട്ടും ഒരു രാഷ്ട്രീയയുവജന സംഘടനകള്‍ക്കും പരാതി ഇല്ല എന്നതും ഞെട്ടിക്കുന്നതാണ്. വലിയ അഴിമതി നടന്നൂവെന്ന് വ്യക്തമാകുന്ന കാര്യങ്ങളാണ് ആശുപത്രിയുമായി ബന്ധപ്പെട്ട് പുറത്തു വരുന്നത്. പളളിക്കമ്മറ്റിയ്ക്ക് വ്യാജമായി നികുതി മുറിക്കാന്‍ വകുപ്പുതലത്തില്‍ ഇടപ്പെട്ടതും അന്വേഷണ വിധേയമാകണം. ഇന്നലെ നടന്ന പരിശോധനയില്‍ ജില്ലാലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറിയും, സബ് ജഡ്ജുമായ എ.പി.ജയരാജ്, താലൂക്ക് സെക്രട്ടറി മനോജ്, പാനൂര്‍ വില്ലേജ് ഓഫീസര്‍ നസീമ, ഇ.മനീഷ്, എം.പി.പ്രകാശന്, കെ.കെ.ചാത്തുക്കുട്ടി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: