പന്തളം: പന്തളത്ത് മിക്കയിടങ്ങളിലും കിണറുകളിലെ വെള്ളം വറ്റിത്തുടങ്ങിയിട്ടും കെഐപി കനാലിലെ കാടുവെട്ടിത്തെളിച്ചു വൃത്തിയാക്കിയതല്ലാതെ എല്ലായിടത്തും വെള്ളമെത്തിക്കാനുള്ള നടപടിയെടുത്തിട്ടില്ല. രൂക്ഷമായ വരള്‍ച്ചയില്‍ പന്തളത്ത് ഏറെ വലയുന്നത് അച്ചന്‍കോവിലാറിന്റെ സമീപപ്രദേശത്തെ ജനങ്ങളാണ്. നിയന്ത്രണമില്ലാതെ നടന്ന മണല്‍വാരല്‍ ആറിനെ ഏറെ താഴ്ത്തിയതോടെ കിണറുകളെല്ലാം ആറ്റിലെ ജലനിരപ്പിന് വളരെയേറെ മുകളിലായി. ഇതോടെ വരള്‍ച്ചയുടെ ആരംഭത്തില്‍ത്തന്നെ ഇവിടങ്ങളിലെ കിണറുകള്‍ വറ്റുന്നത് പതിവായി. കുടിക്കാനും കുളിക്കാനും വസ്ത്രങ്ങളലക്കാനും വെള്ളമില്ലാതെ സാധാരണക്കാര്‍ ബുദ്ധിമുട്ടിലായി. മുന്‍ വര്‍ഷങ്ങളില്‍ കിണറുകള്‍ വറ്റി കുറെ ദിവസങ്ങള്‍ കഴിയുമ്പോള്‍ നാട്ടുകാരിടപെട്ട് കനാല്‍ വൃത്തിയാക്കി വെള്ളമെത്തിച്ചിരുന്നു. എന്നാല്‍ ഈവര്‍ഷം, മൂന്നാഴ്ച മുമ്പ് കരാറുകാരന് കനാലില്‍ വളര്‍ന്നു നിന്ന കാടുവെട്ടിത്തെളിക്കുകയും മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തെങ്കിലും മങ്ങാരം, മുളമ്പുഴ, തോട്ടക്കോണം, മുടിയൂര്‍ക്കോണം ഭാഗങ്ങളിലേക്ക് വെള്ളമെത്തിനാനുള്ള നടപടിയെടുത്തിട്ടില്ല.ഇപ്പോള്‍ തോന്നല്ലൂര്‍ വരെ മാത്രമാണ് വെള്ളമെത്തിയിരിക്കുന്നത്. അവിടങ്ങളില്‍ നാട്ടുകാരില്‍ ചിലര്‍ കനാല്‍ പൊട്ടിച്ച് പാടത്തേക്കും പറമ്പിലേക്കും വെള്ളം വെറുതേ ഒഴുക്കികളയുകയാണ്. ഇങ്ങനെ വെള്ളം പാഴായി പോകാന്‍ തുടങ്ങിയിട്ടു ദിവസങ്ങളായെങ്കിലും ഇതു തടഞ്ഞ് മറ്റുഭാഗങ്ങളിലേക്ക് വെള്ളമെത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല. വസ്ത്രങ്ങളലക്കാനും കുളിക്കാനും മൃഗങ്ങളെ കുളിപ്പിക്കാനും ജനങ്ങള്‍ ആശ്രയിച്ചിരുന്നത് അച്ചന്‍കോവിലാറിനെയാണ്. എന്നാല്‍ മഴയില്ലാതായതോടെ ആറ്റിലെ ഒഴുക്കു നിലച്ച് വെള്ളം കെട്ടിക്കിടക്കുകയാണ്. ഇതോടെ ആറ്റിലെ വെള്ളവും മലിനമായെങ്കിലും നിവൃത്തികേടുകൊണ്ട് ജനങ്ങള്‍ ആറ്റിലെ വെള്ളംതന്നെയാണ് ഇതിനെല്ലാം ഇപ്പോഴുമുപയോഗിക്കുന്നത്. ജല അതോറിറ്റിയുടെ കുടിവെള്ള പദ്ധതിയുടെ ടാപ്പുകള്‍ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നതാണ് ദുരിതമനുഭവിക്കുന്നവര്‍ക്ക് കുറെയൊക്കെ ആശ്വാസം. വീടുകളിലേക്ക് വാട്ടര്‍ കണക്ഷന് എടുക്കുന്നതിന് പതിനായിരം രൂപ മുതല്‍ മുകളിലേക്കുള്ള തുകയാണ് ഈടാക്കുന്നത്. ഇത് സാധാരണക്കാക്ക് വാട്ടര്‍ കണക്ഷന് അപ്രാപ്യമാക്കിയിരിക്കുകയാണ്. കണക്ഷനെടുത്തിട്ടുള്ളവര്ക്ക് വരള്‍ച്ചയില്‍ വെള്ളത്തിനു പ്രശ്നമുണ്ടാകാറില്ലെങ്കിലും അതില്ലാത്ത സാധാരണക്കാരെയാണ് കനാലില്‍ വെള്ളമെത്താത്തത് ഏറെ വലയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: