കേണിച്ചിറ: പൂതാടി ഗ്രാമപഞ്ചായത്തിലെ കേണിച്ചിറ അതിരാറ്റുപാടി കുടിവെള്ളപദ്ധതി ഉടന്പ്രവര്ത്തനക്ഷമമാക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. വൈദ്യുതി കുടിശ്ശികയുടെ പേരില്‍ കണക്ഷന് വിച്ഛേദിച്ചതിനാണ് കുടിവെള്ളപദ്ധതി മുടങ്ങിയത്. എന്നാല്‍ നിലവില്‍ പുതിയ കണക്ഷന് എടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ നടത്തിയ അന്വേഷണത്തില്‍ കുടിശ്ശികയില്ലെന്നും, പുതിയ കണക്ഷന് മാത്രമായി കേവലം 12000 രൂപയോളം ചിലവ് വരുമെന്നുമാണ് അന്വേഷണത്തില്‍ വ്യക്തമായത്. കണക്ഷന് പുനസ്ഥാപിച്ച് പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് അധികൃതര്‍ക്ക് കേവലം അമ്പതിനായിരം രൂപയില്‍ താഴെ ചിലവ് വരുമെന്നിരിക്കെയാണ് ഈ പദ്ധതി ഉപേക്ഷിച്ച നിലയിലിട്ടിരിക്കുന്നത്. ഈ തുക അധികൃതര്‍ അടിയന്തരമായി ചിലവഴിച്ച് ഉടന്‍ കുടിവെള്ള പദ്ധതി പ്രാവര്‍ത്തികമാക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. പദ്ധതി പ്രവര്‍ത്തനക്ഷമമായാല്‍ ആദിവാസികളടക്കമുള്ള 45-ഓളം കുടുംബങ്ങള്‍ക്ക് ഉപകാരപ്രദമാവും. നിലവില്‍ പ്രദേശത്ത് രൂക്ഷമായ വരള്‍ച്ചമൂലം കുടിവെള്ളം കിട്ടാക്കനിയായി മാറുമ്പോഴാണ് അധികൃതരുടെ അനാസ്ഥ മൂലം നിറയെ വെള്ളമുള്ള കിണറും പമ്പുഹൗസും വെറുതെ കിടക്കുന്നത്. 20 അടി ചുറ്റളവില്‍ അഞ്ച് മീറ്ററോളം താഴ്ചയില്‍ വെള്ളമുള്ള ഈ പദ്ധതി ഉടന്‍ പ്രാവര്‍ത്തികമാക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാനൊരുങ്ങുകയാണ് പ്രദേശവാസികള്‍. യോഗത്തില്‍ യാനം സ്വാശ്രയസംഘം പ്രസിഡന്റ് അഭിലാഷ് പി എസ് അധ്യക്ഷനായിരുന്നു. കെ കെ സുരേഷ്, വേണു അതിരാറ്റില്, സ്റ്റിനിയ അഭി, സുജിന മനു, അമ്മിണി, കല്യാണി, രാജി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: