ബത്തേരി :ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനപ്രശ്നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രായോഗിക പരിഹാരമാര്‍ഗ്ഗങ്ങള്‍ നടപ്പാക്കണമെന്ന് നീലഗിരി-വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മറ്റി ആവശ്യപ്പെട്ടു. 8 വര്‍ഷം മുമ്പ് ചാമരാജനഗര്‍ ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ച രാത്രിയാത്രാ നിരോധന ഉത്തരവ് കര്‍ണ്ണാടക മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് അദ്ദേഹം പിന്‍വലിച്ചിരുന്നു. എന്നാല്‍ പിന്നീട് ഒരു പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ കര്‍ണ്ണാടക ഹൈക്കോടതി ഭരണഘടനയുടെ 226-ാം വകുപ്പു പ്രകാരമുള്ള പ്രതേ്യകാധികാരമുപയോഗിച്ചാണ് ദേശീയപാത 212 ലേയും 67 ലേയും രാത്രിഗതാഗതം നിരോധിച്ചത്. കേന്ദ്ര കര്‍ണ്ണാടക സര്‍ക്കാരുകള്‍ക്ക് നിരോധനം പിന്‍വലിക്കാന്‍ കഴിയാത്തവിധം പ്രശ്നം സങ്കീര്‍ണ്ണമായത് ഇതുകൊണ്ടാണ്. തമിഴ്നാട് സര്‍ക്കാര്‍ കര്‍ണ്ണാടക ഹൈക്കോടതിയുടെ രാത്രിയാത്രാ നിരോധന ഉത്തരവ് അംഗീകരിക്കുകയും, ദേശീയപാത 67 ല്‍ തമിഴ്നാടിന്റെ ഭാഗത്ത് കടന്നുപോകുന്ന വനത്തിലും നിരോധനം നടപ്പില്‍ വരുത്തുകയുമാണ് ചെയ്തത്. കര്‍ണ്ണാടക ഹൈക്കോടതിവിധിക്കെതിരെ കേരളസര്‍ക്കാര്‍ ഫയല്‍ ചെയ്ത ഹര്‍ജിയും നീലഗിരി-വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മറ്റിയുടെ ഹര്‍ജിയുമാണ് ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അഥോറിറ്റിയെ കേസ്സില്‍ സുപ്രീംകോടതി സ്വമേധയാ കക്ഷിയാക്കിയിട്ടുമുണ്ട്. സംസ്ഥാനസര്‍ക്കാര്‍ പ്രഗത്ഭ അഭിഭാഷകന് ഗോപാല്‍ സുബ്രഹ്മണ്യത്തെക്കൊണ്ട് 4 പ്രാവശ്യം കേസ്സ് വാദിപ്പിച്ചെങ്കിലും സുപ്രീം കോടതി ഒരു വിട്ടുവീഴ്ചക്കും തയ്യാറായിട്ടില്ല. 2014 ജനുവരി 30 ന് വാദം കേട്ട അവസരത്തില്‍ രണ്ട് സംസഥാനസര്ക്കാരുകളും ചര്‍ച്ച നടത്തി അഭിപ്രായ സമന്വയത്തിലെത്താമെന്ന ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ നിര്‍ദ്ദേശപ്രകാരം സുപ്രീം കോടതി കേസ്സ് മാറ്റിവെച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് കേരളാ കര്‍ണ്ണാടക മുഖ്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും രാത്രിയാത്രാ നിരോധനം പിന്‍വലിക്കാനോ ഇളവു നല്‍കാനോ ഉള്ള നിര്‍ദ്ദേശം നല്‍കാനാവില്ല എന്ന നിലപാടായിരുന്നു കര്‍ണ്ണാടകയുടേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: