കല്‍പ്പറ്റ : സൂര്യാഘാതം ചെറുക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തു കളയാന്‍ സാധിക്കാതെ വരികയും ചെയ്യുന്നു. ഇതിനെ തുടര്‍ന്ന് ശരീരത്തിലെ നിര്‍ണ്ണായകമായ പല പ്രവര്‍ത്തനങ്ങളും തകരാറിലാകുന്ന അവസ്ഥയാണ് സൂര്യാഘാതം (Heat stroke).
ശക്തിയായ വിയര്‍പ്പ്, വിളര്‍ത്ത ശരീരം, പേശീവലിവ്, കടുത്ത ക്ഷീണം, തലകറക്കം, തലവേദന, ഓക്കാനവും ഛര്‍ദ്ദിയും, ബോധംകെട്ടു വീഴുക തുടങ്ങിയവ ലക്ഷണങ്ങളാണ്. ശരീരം തണുക്കുകയും നാഡിമിടിപ്പ് ശക്തി കുറഞ്ഞ് വേഗത്തിലും ശ്വസനനിരക്ക് വര്‍ദ്ധിച്ച തോതിലുമായിരിക്കും. ശരിയായ രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ താപശരീര ശോഷണം സൂര്യാഘാതത്തിലേക്ക് മാറിയേക്കാം.
സൂര്യാഘാതമോ താപശരീരശോഷണമോ ഉണ്ടെന്നു തോന്നിയാല്‍ ഉടന്‍• തണലിലേക്ക് മാറി വിശ്രമിക്കുക, തണുത്തവെള്ളംകൊണ്ട് ശരീരം തുടയ്ക്കുക, വീശുക, എ.സി, ഫാന്‍ പ്രവര്‍ത്തിപ്പിക്കുക, ധാരാളം വെള്ളം കുടിക്കുക, കട്ടികൂടിയ വസ്ത്രങ്ങള്‍ മാറ്റുക, പരമാവധി വേഗം ഡോക്ടറുടെ അടുത്ത് എത്തിക്കുക. സൂര്യാഘാതമോ താപശരീരശോഷണമോ വരാതിരിക്കാന്‍ ചൂടിന് കാഠിന്യം കൂടുമ്പോള്‍ ധാരാളം വെള്ളം കുടിക്കണെ. ദാഹമില്ലെങ്കിലും ഓരോമണിക്കൂര്‍ ഇടവിട്ട് 2- 4 ഗ്ലാസ്സ് വെള്ളം കുടിക്കുക. വിയര്‍പ്പ് കൂടുതലുള്ളവര്‍ ഉപ്പിട്ട കഞ്ഞിവെള്ളമോ നാരങ്ങവെള്ളമോ കുടിക്കുക. വെയിലത്ത് പണിയെടുക്കേണ്ടിവരുന്നവര്‍ ജോലിസമയം പുന:ക്രമീകരിക്കുക. കഴിയുന്നതും ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് മൂന്നു വരെ വിശ്രമിക്കുക. രാവിലെയും വൈകീട്ടും കൂടുതല്‍ സമയം ജോലി ചെയ്യുക. കട്ടികുറഞ്ഞതും ഇളം നിറത്തിലുള്ളതും അയഞ്ഞതുമായ വസ്ത്രങ്ങള്‍ ധരിക്കുക.
കുട്ടികളെ വെയിലില്‍ കളിക്കാന്‍ അനുവദിക്കരുത്. 65നു മുകളിലും നാലില്‍ താഴെയും പ്രായമുള്ളവരുടെയും ചികിത്സയിലിരിക്കുന്നവരുടെയും ആരോഗ്യകാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക. വീടിനകത്തെ ചൂട് പുറത്തു പോകുന്നതിനും വായുസഞ്ചാരം ലഭിക്കുന്നതിനും വാതിലുകളും ജനലുകളും തുറന്നിടുക. വെയിലത്ത് പാര്‍ക്കു ചെയ്യുന്ന വാഹനങ്ങളിലുംമറ്റും കുട്ടികളെ ഇരുത്തി പോകാതിരിക്കുക.
സൂര്യതാപമേറ്റാല്‍ നേരിട്ട് വെയിലേല്‍ക്കുന്ന കൈകളുടെ പുറംഭാഗം, മുഖം, നെഞ്ചിന്റെ പുറംഭാഗം, കഴുത്തിന്റെ പിന്‍വശം തുടങ്ങിയ ശരീരഭാഗങ്ങള്‍ ചുവന്നു തടിക്കുകയും വേദനയും പൊള്ളലുമുണ്ടാകും. തീവ്രമാണെങ്കില്‍ തീപ്പൊള്ളലേറ്റതുപോലെയുള്ള കുമിളകളും ഉണ്ടാകാറുണ്ട്. ഈ ലക്ഷണങ്ങളുണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടണം. കുമിളകളുണ്ടെങ്കില്‍ പൊട്ടിക്കരുത്.
അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോള്‍ കൂടുതലായി ശരീരം വിയര്‍ത്ത് ജലവും ലവണങ്ങളും നഷ്ടപ്പെടുന്നതുമൂലം പേശീവലിവുണ്ടാകാം. കൈകാലുകളിലും ഉദരപേശികളിലുമാണ് ഇതനുഭവപ്പെടുന്നത്. പേശീവലിവ് അനുഭവപ്പെട്ടാല്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തി നിര്‍ത്തിവെച്ച് തണുപ്പുള്ള സ്ഥലത്തേയ്ക്ക് മാറുക. ധാരാളം വെള്ളം കുടിക്കുക. നാരങ്ങാവെള്ളം, കരിക്കിന്‍വെള്ളം എന്നിവ കൂടുതല്‍ ഫലപ്രദമാണ്. ഏതാനും മണിക്കൂര്‍ നേരത്തേക്ക് ജോലി നിര്‍ത്തിവെക്കണം. കുറച്ചുസമയത്തിനു ശേഷവും ആശ്വാസം തോന്നുന്നില്ലെങ്കില്‍ വൈദ്യസഹായം തേടുക.
ചൂടുകാലത്ത് കൂടുതലായുണ്ടാകുന്ന വിയര്‍പ്പിനെത്തുടര്‍ന്ന് ശരീരം ചൊറിഞ്ഞു തിണര്‍ക്കും. കുട്ടികളെ കൂടുതലായി ബാധിക്കുന്നു. കഴുത്തിലും നെഞ്ചിന്റെ മുകള്‍ഭാഗത്തുമാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. അധികം വെയിലേല്‍ക്കാതിരിക്കുക. തിണര്‍പ്പു ബാധിച്ച ശരീരഭാഗങ്ങള്‍ ഈര്‍പ്പരഹിതമായി സംരക്ഷിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: