പട്ടാമ്പി: ഭാരതപ്പുഴയുടെ നീരൊഴുക്ക് കുറഞ്ഞതോടെ ജല വിതരണ പദ്ധതികള്‍ അവതാളത്തിലാകുന്നു.
പട്ടാമ്പി, തൃത്താല പ്രദേശങ്ങളില്‍ ഇപ്പോള്‍ കുടിവെള്ള ക്ഷാമം രൂക്ഷമാവുകയാണ്. മഴ കനിഞ്ഞില്ലെങ്കില്‍ ഏറ്റവും കൊടിയ വരള്‍ച്ചയാണ് ഇത്തവണ ഈ പ്രദേശത്തെ കാത്തിരിക്കുന്നത് . കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വെള്ളിയാങ്കല്ല് തടയണയിലെ വെള്ളം ഒരു പരിധി വരെ ജലക്ഷാമത്തെ കുറച്ചു കൊണ്ടിരിന്നു. എന്നാല്‍ തടയണയിലെ വെള്ളം കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ക്രമാധീതമായി കുറഞ്ഞു.
ഇതിനിടെ കുടിവെള്ള ക്ഷാമം നേരിടുന്ന അവസ്ഥയിലും വെള്ളിയാങ്കല്ല് തടയണയിലെ വെള്ളം തുറന്നുവിട്ടത് ജലക്ഷാമം രൂക്ഷമാകുന്നതിന് കാരണമാക്കി. തടയണയിലെ ഷട്ടറിനും താഴെയാണ് ഇപ്പോള്‍ ജലനിരപ്പ്.
കഴിഞ്ഞവര്‍ഷം ഇതേ സമയത്ത് ജലനിരപ്പ് നൂറു സെന്റീമീറ്ററിലധികം ഉയരത്തിലായിരുന്നുവെന്നത് ജലക്ഷാമത്തിന്റെ ഭീകരത വെളിവാക്കുന്നു.
വര്ഷാവര്ഷങ്ങളില് പുഴ സംരക്ഷണത്തിനും ജലവിതരണ പദ്ധതികള്‍ക്കുമായി ഫണ്ടുകള്‍ വരുന്നുണ്ടെങ്കിലും ഇവ കാര്യക്ഷമമായി വിനിയോഗിക്കുന്നില്ലെന്ന ആക്ഷേപം നിലനില്ക്കുന്നു. പട്ടാമ്പി നഗരസഭയുടെ കീഴിലുള്ള കുടിവെള്ള പദ്ധതി പ്രദേശങ്ങളിലും ജല ലഭ്യത വലിയ തോതില്‍ കുറഞ്ഞിരിക്കുകയാണ്.
പട്ടാമ്പിയില്‍ ബസ്സ് സ്റ്റാന്റിനു പിന്‍വശത്തുള്ള പഴയ പമ്പ് ഹൗസില്‍ നിന്നാണ് ഇപ്പോള്‍ പമ്പിംഗ് നടക്കുന്നത്. നഗരത്തിലെ 6000 ത്തോളം വരുന്ന ഗാര്‍ഹിക കണക്ഷനുകളിലേക്ക് രാത്രി പത്ത് മുതല്‍ ആറ് വരെ പമ്പിംഗ് നടത്തിയാണ് വെള്ളമെത്തിക്കുന്നത്. വെള്ളമില്ലാത്തതിനാല്‍ തോട്ടുങ്ങല്‍ ഭാഗത്തെ പമ്പിംഗ് ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം ഈ പദ്ധതി പ്രദേശത്ത് ജെസിബി ഉപയോഗിച്ച് ചാലുകീറി വെള്ളമെത്തിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിനു കാര്യമായ ഗുണമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഇതിലൂടെയുള്ള നീരൊഴുക്ക് കുറഞ്ഞു വന്നതാണ് പമ്പിംഗ് വീണ്ടും നിര്‍ത്തിവെക്കാന്‍ കാരണമായത്.
പുഴയില്‍ ചാക്കില്‍ മണല്‍ നിറച്ച് തടയണ നിര്‍മ്മിച്ചെങ്കിലും കുറച്ച് പണം ചെലവായി എന്ന തൊഴിച്ചാല്‍ ഇതുകൊണ്ടും ഗുണമുണ്ടായില്ല. തടയാന്‍ വെള്ളമില്ലാത്തതിനാല്‍ തടയണ മാത്രം ബാക്കിയായി.
ഓരോ വര്‍ഷവും ജലക്ഷാമം ആരംഭിക്കുമ്പോള്‍ മാത്രം നടത്തുന്ന ഇത്തരം നടപടികള്‍ കൊണ്ട് യാതൊരു പ്രയോജനവും ലഭിക്കുന്നില്ലെന്ന പരാതിയാണ് ജനങ്ങള്‍ക്ക്.
ഇതിനിടെ മലമ്പുഴയിലെ വെള്ളം തുറന്നു വിട്ടെങ്കിലും പട്ടാമ്പിക്കാര്‍ക്ക് ആശിക്കാന്‍ വകയുണ്ടായില്ല. അശാസ്ത്രീയമായ മണലൂറ്റല്‍ ഭാരതപ്പുഴയെ മരുഭൂമിയാക്കിയിട്ട് കാലം കുറെയായി.
ഇപ്പോള്‍ ഒരു ചുവറ്റുകുട്ടയായി തീര്‍ന്നിരിക്കുകയാണ് നിളാ നദി. മാലിന്യങ്ങള്‍ പുഴയില്‍ തള്ളുന്നത് പതിവാണ്. നഗരപ്രദേശങ്ങളിലേതടക്കമുള്ള അഴുക്കുചാലുകള്‍ ഭൂരിഭാഗവും നിളാ നദിയിലേക്ക് തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: