വടക്കഞ്ചേരി: ടൗണിലെ ഗതാഗത കുരുക്ക് മൂലം കാല്‍നടയാത്രക്കാര്‍ വലയുമ്പോഴും പ്രശ്നത്തിന് പരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കുന്നില്ല. സുഗമമായ യാത്രാ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് നിയോഗിക്കപ്പെട്ട ഗതാഗത ക്രമീകരണ സമിതിയുടെ പ്രവര്‍ത്തനം നിശ്ചലമായതാണ് ഇതിനുകാരണം.
പഞ്ചായത്ത് പ്രസിഡണ്ട് ചെയര്‍മാനും ജോയന്റ് ആര്‍ടിഒ കണ്‍വീനറുമായ സമിതിയില്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, തഹസില്‍ദാര്‍, പൊതുമരാമത്ത് വകുപ്പ് പ്രതിനിധി എന്നിവരും അംഗങ്ങളാണ്. 2006ല്‍ സ്റ്റേഷനില്‍ ചാര്‍ജെടുത്ത സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ കാലയളവില്‍ പേരിനു മാത്രം സമിതിയോഗം ചേര്‍ന്ന് ചില തീരുമാനങ്ങളെടുത്തെങ്കിലും ഒന്നും നടപ്പാക്കിയില്ല. ടൗണിലെ അനധികൃതകൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്നും സുനിത ജംഗ്ഷന്, ചെറുപുഷ്പം സ്കൂള്‍ എന്നിവടങ്ങളില്‍ ഡിവൈഡറുകള്‍ സ്ഥാപിച്ച് ഗതാഗതം സുഗമമാക്കുമെന്നാണ് കമ്മിറ്റി തീരുമാനിച്ചിരുന്നത്. ടൗണിലെ ഗതാഗത തടസം ഇല്ലാതാക്കാന്‍ നാറ്റ്പാക് ഉദ്യോഗസ്ഥെരെക്കൊണ്ട് ശാസ്ത്രീയമായ പരിശോധന നടത്താനും തീരുമാനമെടുത്തു. എന്നാല്‍ തുടര്‍നടപടികള്‍ ഇല്ലാതായതോടെ തീരുമാനങ്ങള്‍ ഫയലില്‍ മാത്രം ഒതുങ്ങി.
നഗരത്തില്‍ അനധികൃത പാര്‍ക്കിങ്ങ് പെരുകിയിട്ടും നടപടികള്‍ സ്വീകരിക്കാന്‍ പോലീസും തയ്യാറാകാതിരുന്നതോടെ ഗതാഗത സ്തംഭനം പതിവായി മാറി. ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യുന്ന ഭാഗങ്ങളില്‍ ബസ് സ്റ്റോപ്പ് അനുവദിക്കപ്പെട്ടത് പ്രശ്നം ഗുരുതരമായി മാറാന്‍ കാരണമായി. യാത്രക്കാരെ കയറ്റുന്നതിനായി ബസുകള്‍ റോഡിന് നടുവില്‍ ദീര്‍ഘനേരം നിര്ത്തിയിടുന്നതിനെതിരെയും നടപടിയുണ്ടാകുന്നില്ല. പെര്‍മിറ്റില്ലാത്ത ഓട്ടോറിക്ഷകള്‍ പെരുകുന്നു എന്ന പരാതിയെ തുടര്‍ന്ന് ടൗണിലെ ഓട്ടോറിക്ഷകളുടെയും ഡ്രൈവര്‍മാരുടെയും വിവരശേഖരണം പോലീസ് നടത്തിയെങ്കിലും തുടര്‍നടപടികള്‍ നിശ്ചലമായി.
ഇരുനൂറ്റമ്പതിലേറെ ബസുകളും, നാന്നൂറോളം ഓട്ടോറിക്ഷകളും. ആയിരത്തിലേറെ സ്വകാര്യ വാഹനങ്ങളും സഞ്ചരിക്കുന്ന വടക്കഞ്ചേരി പട്ടണത്തിലെ ഗതാഗതപ്രശ്നം വലിയ കാര്യമായി എടുക്കാന്‍ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി തയ്യാറാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: