മാനന്തവാടി: മാതാ അമൃതാനന്ദമയീ ദേവി മാനന്തവാടിയിൽ . മാർച്ച് ഒന്നിനാണ് അമ്മ മാനന്തവാടിയിൽ എത്തുന്നത്. മാനന്തവാടി അമൃതഗിരിയിൽ അമ്മ പ്രതിഷ്ഠിച്ചിട്ടുള്ള ബ്രഹ്മസ്ഥാന ക്ഷേത്രത്തിന്റെ വാർഷിക മഹോത്സവത്തിന് മുഖ്യ കാർമികത്വം വഹിക്കുന്നതിന് വേണ്ടിയാണ് സന്ദർശനം . അതോടൊപ്പം പണി പൂർത്തിയായ ആശ്രമ മന്ദിരം ലോകത്തിന് സമർപ്പിക്കും. മാർച്ച് രണ്ടിന് രാവിലെ 5.30ന് ധ്യാന പരിശീനത്തോടെ ഉത്സവത്തിന് തുടക്കം കുറിക്കും. 10 മണി വരെ ലളിതാസഹസ്രനാമ അർച്ചനയും 10.30 മുതൽ അമ്മയുടെ അനുഗ്രഹ പ്രഭാഷണം, ഭക്തിഗാനസുധ, ധ്യാനം എന്നിവയും ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് ഓരോരുത്തർക്കും നേരിൽ ദർശനം നൽകും. മാർച്ച് മൂന്നാം തീയതിയും ഇതുപോലെ എല്ലാ പരിപാടികളും അമ്മയുടെ ഭർശനവും ഉണ്ടായിരിക്കും. എല്ലാവർക്കും ദർശനം ലഭിക്കുന്നതു വരെ അമ്മയുടെ ദർശനം തുടരും. ടോക്കൺ സമ്പ്രദായത്തിലൂടെയാണ് ദർശനം നിയന്ത്രിക്കുക. ആശ്രമത്തിൽ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള പന്തലിലെ ഇരിപ്പിടങ്ങളിൽ തന്നെ രാവിലെ മുതൽ ടോക്കണുകൾ ലഭ്യമാകും. ഇരിപ്പിടത്തിന്റെ ക്രമമനുസരിച്ചായിരിക്കും ടോക്കൺ വിതരണം ചെയ്യുന്നത്. പരിപാടികളിൽ പങ്കെടുക്കുന്ന എല്ലാവർക്കും മൂന്ന് നേരവും സൗജന്യമായി ഭക്ഷണം ഉണ്ടായിരിക്കും . ഭക്തജനങ്ങൾക്ക് കുടിവെള്ളം ഇരിപ്പിടങ്ങളിൽ തന്നെ മുഴുവൻ സമയവും ലഭ്യമായിരിക്കും . ക്യാന്റീൻ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. നേരത്തെ വരുന്നവർക്ക് സൗജന്യമായി താമസ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു ലക്ഷത്തോളം ഭക്തജനങ്ങൾ പരിപാടിക്ക് എത്തുമെന്നാണ് കണക്കാക്കുന്നത്. ബ്രഹ്മസ്ഥാന മഹോത്സവത്തിനെത്തുന്ന അമ്മയെ സ്വാമി അമൃത സ്വരൂപാനന്ദപുരി, സ്വാമി തുരിയാ മൃതാനന്ദപുരി, സ്വാമി അമൃതാത്മാനന്ദപുരി , സ്വാമി നി കൃഷ്ണാമൃതപ്രാണ തുടങ്ങി സന്യാസിനിമാരും വിദേശികളും ആശ്രമ അന്തേവാസികളുമടക്കം 600 ഓളം ആളുകൾ അനുഗമിക്കും.
പരിപാടികൾ നടത്താനാവശ്യമായ വിശാലമായ പന്തലിന്റെയും, അന്ന ക്ഷേത്രത്തിന്റെയും, സ്റ്റാളുകളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ച് വരുന്നു. മാനന്തവാടിയിലെ പരിപാടി കഴിഞ്ഞ് അമ്മയും സംഘവും മാർച്ച് 4 ന് മൈസൂരിലേക്ക് യാത്ര തിരിക്കും. ബ്രഹ്മാചാരി അക്ഷയാമൃത ചൈതന്യ, ടി. പുരുഷോത്തമന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: