കുമളി: കുമളി ചെക്ക് പോസ്റ്റില്‍ വാഹനപരിശോധനയില്‍ കെഎസ്ആര്‍ടിസി ബസില്‍ അത്യുഗ്രശേഷിയുളള സ്‌ഫോടക വസ്തുക്കള്‍ ഉപേക്ഷിച്ച് രക്ഷപെട്ട പ്രതികളെ പൊലീസ് പിടികൂടി. പത്തനംതിട്ട റാന്നി സ്വദേശികളായ കക്കുഴിയില്‍ സിനുകുരുവിള(25), കൈപ്പുഴ വീട്ടില്‍ ജോയല്‍ ഏബ്രഹാം(25), പുത്തന്‍പറമ്പില്‍ ജോബിന്‍ ജോസഫ്(25), മിനിവിലാസം വീട്ടില്‍ അരുണ്‍ ബാബു(25) കൈപ്പുഴ വീട്ടില്‍ അപ്പു കുര്യന്‍(35) എന്നിവരെയാണ് കുമളി പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 10ന് മധുര-തേനി-തിരുവല്ല സൂപ്പര്‍ ഫാസ്റ്റില്‍ സ്‌ഫോടകവസ്തുക്കളുമായി വരവെ ചെക്ക് പോസ്റ്റില്‍ പരിശോധന കണ്ട് ഡിറ്റനേറ്ററുകള്‍ അടങ്ങിയബാഗുകള്‍ ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു. 25500 സാധാരണ ഡിറ്റനേറ്ററുകളും 3000 ഇലക്ട്രിക്ക് ഡിറ്റനേറ്ററുകളുമാണ് ബാഗില്‍ നിന്നും കണ്ടെത്തിയത്.
ആന്ധ്രപ്രദേശിലുള്ള കമ്പനിയിലാണ് ഡിറ്റനേറ്ററുകള്‍ നിര്‍മ്മിച്ചതെന്ന് സംശയിക്കുന്നു. തമിഴ്‌നാട്, ധര്‍മ്മപുരി, വെല്ലൂര്‍, കാട്പാടി തുടങ്ങിയസ്ഥലങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ വെല്ലൂര്‍ ജില്ലയിലെ കാട്പാടി എന്ന സ്ഥലത്തെ ലോഹനാഥന്‍ എന്നയാളില്‍ നിന്നുമാണ് ഇവര്‍ക്ക സ്‌ഫോടകവസ്തുകള്‍ ലഭിച്ചിരിക്കുന്നതെന്ന് കരുതുന്നു. ലോകനാഥന്‍ തമിഴ്‌നാട് പൊലീസിന്റെ നിരീക്ഷണത്തിലുളള ആളാണ്.
പ്രതികള്‍ പത്തനംതിട്ടയില്‍ ഇലക്ട്രോണിക്ക് ഉപകരണം, മൊബെല്‍കട, കമ്പ്യൂട്ടര്‍ വില്‍പ്പന തുടങ്ങിയ സ്ഥാപനങ്ങള്‍ നടത്തിവരുന്നവരാണ്. അത്യുഗ്രശേഷിയുളള സ്‌ഫോടക വസ്തുകള്‍ കേരളത്തിലേക്ക്കടത്തികൊണ്ട് വന്നതിന് മറ്റ് ഗുഡാലോചനകള്‍ ഉണ്ടോയെന്ന് അന്വേഷിച്ച് വരുന്നതായി പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയതു.
















