കോഴഞ്ചേരി: എംജി യൂണിവേഴ്സിറ്റി കലോത്സവത്തില്‍ വിവിധ നൃത്ത ഇനങ്ങളില്‍ പങ്കെടുക്കുവാനെത്തുന്ന വിദ്യാര്‍ത്ഥിനികള്‍ അടക്കമുള്ളവര്‍ക്ക് മേക്കപ്പ് ചെയ്യുന്നതിന് മതിയായ സൗകര്യം സംഘാടകര്‍ ഒരുക്കാത്തത് പ്രതിഷേധത്തിന് കാരണമാകുന്നു. ഇത് മൂലം നിരവധി മത്സരാര്‍ത്ഥികളാണ് മത്സരത്തിന് തയ്യാറാവുന്നതിനായി സുരക്ഷിതസ്ഥലമന്വേഷിച്ച് നെട്ടോട്ടമോടുന്നത്. എംജി യൂണിവേഴ്സിറ്റി കലാ മത്സര വേദികളിലെ പ്രധാന വേദിയായ പഞ്ചായത്ത് സ്റ്റേഡിയത്തിലാണ് മത്സരാര്‍ത്ഥികള്‍ക്ക് മേക്കപ്പ് ചെയ്യുന്നതിനും വേഷവിതാനങ്ങള്‍ അണിയുന്നതിനുമായി മതിയായ സൗകര്യങ്ങള്‍ സംഘാടകര്‍ ഒരുക്കി നല്‍കാത്തത്. വേദിക്ക് പിന്നിലായി പരിമിതമായ സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും ഇത് എല്ലാവര്ക്കും ഉപയോഗിക്കുവാനായിട്ടുള്ള അവസരം ലഭിക്കുന്നില്ല. അതിനാല്‍ വേദിക്ക് സമീപമുള്ള സര്ക്കാര്ഓഫിസുകളുടെ വരാന്ത അടക്കമുള്ളിടങ്ങളെയാണ് മത്സരാര്‍ത്ഥികള്‍ ആശ്രയിക്കുന്നത്.
പലമത്സരാര്ത്ഥികളും മറ്റ് വേദികളിലെ ഡ്രസ്സിംഗ് റൂമുകളില്‍ മേക്കപ്പ് ചെയ്ത ശേഷമാണ് ഇവിടെ മത്സരിക്കാനെത്തുന്നത്. എംജി യൂണിവേഴ്സിറ്റി കലോത്സവം ആരംഭിച്ചപ്പോള്‍ തന്നെ മത്സരാര്‍ത്ഥികളും മറ്റുള്ളവരും ഈക്കാര്യം സംഘാടകരെ അറിയിച്ചിരുന്നു. എന്നാല്‍ ഉടന്‍തന്നെ ഇതിന് പരിഹാരം ഉണ്ടാക്കാം എന്ന് പറയുന്നതല്ലാതെ സംഘാടകരുടെ ഭാഗത്ത് നിന്നും ഇക്കര്യത്തില്‍ ഒരു നീക്ക് പോക്ക് ഉണ്ടാകുന്നില്ലെന്നാണ് മത്സരാര്‍ത്ഥികളും മതാപിതാക്കളും പരാതിപ്പെടുന്നത്. മറ്റ് ജില്ലകളില്‍ നിന്നും എത്തുന്ന മത്സരാര്‍ത്ഥികളും രക്ഷിതാക്കളുമാണ് പ്രധാനമായും ഇവിടെ എത്തി നട്ടംതിരിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: