കേരളാ സ്പിന്നേഴ്സ്:
ഐസക്കിന് എതിരെ സിപിഐ
മണ്ണഞ്ചേരി: കേരളത്തിന്റെ വ്യവസായ നവോദ്ധാനനായകനായ ടി.വി. തോമസിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ ആലപ്പുഴക്കാര് അയവിറക്കുന്നത് ധനമന്ത്രി തോമസ് ഐസക്കിന് ഇഷ്ടപ്പെടുന്നില്ലെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി. പുരുഷോത്തമന് പറഞ്ഞു.
കേരളാ സ്പിന്നേഴ്സ് തുറക്കാന്‍ സര്‍ക്കാര്‍ ജാഗ്രത കാട്ടണമെന്നാവശ്യപ്പെട്ട് സിപിഐ സംഘടിപ്പിച്ച പ്രതിഷേധജ്വാല ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്പിന്നേഴ്സ് തുടങ്ങിയകാലംമുതല് സിപിഎം എതിരായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഈ വ്യവസായസായശാലയുടെ ഉദ്ഘാടനദിവസം കരിദിനം ആചരിച്ചവരാണ് ഇപ്പോള്‍ കേരളത്തിന്റെ വ്യവസായ വകുപ്പ് കൈകാര്യചെയ്യുന്ന പാര്‍ട്ടിയെന്നും പുരുഷോത്തമന് ചൂണ്ടിക്കാട്ടി. കേരളത്തിലെ ടെക്സ്റ്റയില്‍സ് കോര്‍പ്പറേഷന്റെ നിയന്ത്രണത്തിലുള്ള അഞ്ചു സ്ഥാപനങ്ങളില്‍ നാലെണ്ണത്തിനും സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചിട്ടും സ്പിന്നേഴ്സിനോടുമാത്രം അവഗണന വച്ചുപുലര്‍ത്തുന്നത് അംഗീകരിക്കാനാവില്ല.
കേരളാ സ്പിന്നേഴ്സില്‍ നിലവില്‍ 115 പേര് ജീവനക്കാരായുള്ളതില് എഴുപതും എഐടിയുസിക്കാരായതുകൊണ്ടാണോ സ്ഥാപനത്തോട് ചിറ്റമ്മനയമെന്നും അദ്ദേഹം ചോദിച്ചു. വരുംകാലങ്ങളില്‍ ആലപ്പുഴ മണ്ഡലത്തിലെ ജനപ്രതിനിധിക്ക് എഐടിയുസിക്കാരുടെ സഹായം വേണ്ടെന്നുകൂടി ഈ ധാരണയുള്ളവര്‍ പരസ്യമായി പറണമെന്നും ടി. പുരുഷോത്തമന് പറഞ്ഞു.
എല്‍ഡിഎഫ് വന്നാല്‍ എല്ലാംശരിയാകുമെന്നാണ് പറഞ്ഞത് എന്നാല്‍ ഐസക്കിപ്പോള് അടുപ്പക്കാരോട് പറയുന്നത് സ്പിന്നേഴ്സ് ഒഴികെ എല്ലാം ശരിയാകുമെന്നാണ്. തെരഞ്ഞെടുപ്പില്‍ സ്പിന്നേഴ്സ് തുറക്കുമെന്ന് വാഗ്ദാനം നല്കിയ ധനമന്ത്രി വാക്കുപാലിക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു. ഡി. ഹര്‍ഷകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
യുഡിഎഫില്‍ ഭിന്നത; മുസ്ളീംലീഗ് യോഗങ്ങളില്‍ പങ്കെടുക്കില്ല
ആലപ്പുഴ: ജില്ലയില്‍ യുഡിഎഫില്‍ ഭിന്നത, കോണ്‍ഗ്രസിന്റെ തുടര്‍ച്ചയായുള്ള അവഗണനയില്‍ പ്രതിഷേധിച്ച് യുഡിഎഫിന്റെ പ്രവര്‍ത്തനങ്ങളോട് സഹകരിക്കേണ്ടായെന്ന് മുസ്ലിംലീഗ് തീരുമാനിച്ചു. കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് ജില്ലാ കമ്മിറ്റിയോഗം ലീഗ് ബഹിഷ്ക്കരിച്ചു. തുടര്‍ച്ചയായി ഘടകകക്ഷികളെ അവഗണിക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് കൈക്കൊള്ളുന്നതെന്ന് ലീഗിന് ആക്ഷേപമുണ്ട്.
ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സ്ഥാനമാനങ്ങള്‍ കോണ്‍ഗ്രസ് വീതംവെച്ച് എടുക്കുമ്പോള്‍ നഷ്ടം സഹിക്കേണ്ടിവരുന്നത് ഘടകകക്ഷികള്‍ക്കാണെന്ന് ലീഗ് നേതൃത്വം പറയുന്നു. ജില്ലയിലെ ക്വട്ടേഷന്‍ സംഘങ്ങളെ അമര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഹരിപ്പാട് നടത്തിയ ഉപവാസ സമരത്തില്‍ മുസ്ലിംലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കിയിരുന്നില്ല.
ഇതിനുള്ള പ്രതിഷേധം ലീഗ് നേതൃത്വം ചെന്നിത്തലയെ ധരിപ്പിക്കുകയും ചെയ്തിരുന്നു. വി.ഡി. സതീശന് നയിച്ച യുഡിഎഫ് മേഖലാജാഥയ്ക്ക് കായംകുളത്ത് നല്കിയ സ്വീകരണ സമ്മേളനത്തില്‍ ലീഗ് നേതൃത്വത്തെ കോണ്‍ഗ്രസ് അവഗണിച്ചിരുന്നു. ലീഗ് നിയോജക മണ്ഡലം ഭാരവാഹികള്‍ക്ക് സംഘാടക സമിതിയില്‍ പോലും അര്‍ഹമായ സ്ഥാനം നല്‍കിയിരുന്നില്ല.
ഇതും ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. അരൂരിലും, കായംകുളത്തും യുഡിഎഫ് ചെയര്മാന് സ്ഥാനം ലീഗിനാണ്. ഇവിടങ്ങളില്‍ നടന്ന സ്വീകരണ യോഗങ്ങളില്‍ സ്വഭാവികമായും അദ്ധ്യക്ഷ സ്ഥാനം നല്‍കേണ്ടിയിരുന്നത് ലീഗിനാണ്. എന്നാല്‍ അദ്ധ്യക്ഷ സ്ഥാനം കോണ്‍ഗ്രസ് കയ്യടക്കുകയായിരുന്നു. ജാഥയിലെ സ്ഥിരാംഗമായ ലീഗ് നേതാവിന് യോഗങ്ങളില്‍ പ്രസംഗിക്കാന്‍ പോലും അവസരം നല്‍കിയില്ലെന്നും പരാതിയുണ്ട്.
ഇത് സംബന്ധിച്ച് ഡിസിസി നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും ചര്‍ച്ച ചെയ്യാന്‍ പോലും അവര്‍ തയ്യാറായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ജില്ലയിലെ യു ഡി എഫിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ മുസ്ലിംലീഗ് തീരുമാനിച്ചത്. ജനതാദള്‍ (യു), കേരളാ കോണ്‍ഗ്രസ് (ജേക്കബ്) തുടങ്ങിയ കക്ഷികളും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അവഗണനയില്‍ ശക്തമായ പ്രതിഷേധത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: