കോഴഞ്ചേരി : കലയുടെ കരവിരുതുകള്‍ സമ്മാനിച്ച് കോഴഞ്ചേരിക്കിനി നാല് ഇരവുപകലുകള്‍.
സാംസ്കാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതി കോഴഞ്ചേരിയെ വര്‍ണ്ണാഭമാക്കിയ ഘോഷയാത്രയോടെ ഇന്നലെ സര്‍വ്വകലാശാല കലോത്സവത്തിന് തുടക്കമായി. പടയണിയും തെയ്യവും പ്രാചീന കലാരൂപങ്ങളും ജില്ലയിലെ സാംസ്കാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതി തനത് കലാകാരന്മാര്ക്കൊപ്പം വിദ്യാര്‍ത്ഥികളും കലാവിരുതുകള്‍ പ്രകടമാക്കിയപ്പോള്‍ ഒന്നരകിലോമീറ്ററോളം ദൈര്‍ഘ്യമുള്ള റോഡിന് ഇരുവശവും കാഴ്ചക്കാര്‍ക്ക് കൗതുകരമായിട്ടാണ് ഘോഷയാത്ര സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ചത്. കാത്തുനിന്ന കാണികളുടെ വിരസത ഒഴിവാക്കിയായിരുന്നു ജില്ലയിലെ കോളജുകളെ പ്രതിനിധീകരിച്ച വിദ്യാര്‍ത്ഥികളുടെ പ്രകടനം.
ആതിഥേയ കോളേജായ സെന്റ് തോമസ് കോളജിലെ വിവിധ വകുപ്പുകളില്‍ നിന്നുളള വിദ്യാര്‍ത്ഥികള്‍ പ്രത്യേകമായി ഘോഷയാത്രയില്‍ അണിനിരന്നത് ശ്രദ്ധേയമായി. തൂവെള്ള വസ്ത്രം ധരിച്ച മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ പതാകയുമേന്തി നേതൃത്വം നല്കി. പടയണി, പഞ്ചാരിമേളം, നിശ്ചല ദൃശ്യങ്ങള്‍ എന്നിവയും മാറ്റുകൂട്ടി. കഥകളി, ആറന്മള പള്ളിയോടം, ഓട്ടന്തുള്ളല്, വേലകളി എന്നിവയും ഘോഷയാത്രയെ ആകര്‍ഷകമാക്കി. ആറന്മുളയുടെ തനത് വഞ്ചിപ്പാട്ട് അവതരിപ്പിച്ചത് കാണികളുടെ കൈയ്യടി നേടി.
പെരുനാട് മുതല്‍ തിരുവല്ല വരെയുള്ള ഇടങ്ങളില്‍ നിന്നുള്ള കോളജുകളിലെ വിദ്യാര്‍ത്ഥികള്‍ ഘോഷയാത്രയില്‍ അണിചേര്‍ന്നു. സ്വാഗത സംഘം ചെയര്മാന് മുന്‍ എംഎല്‍എ എ. പത്മകുമാര്‍, യൂണിവേഴ്സിറ്റി യൂണിയന് ചെയര്മാന് വി. അജയ് നാഥ്, ജനറല്‍ സെക്രട്ടറി എം.അനീഷ് കുമാര്‍, മല്ലപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് മനോജ് മാധവശ്ശേരി, ബ്ലോക്ക് പഞ്ചായത്തംഗം ബിജിലി പി . ഈശോ തുടങ്ങിയ ജനപ്രതിനിധികളും ഘോഷയാത്രക്ക് നേതൃത്വം നല്കി. കോളജ് ജംഗ്ഷന് വഴി സി. കേശവന് സ്ക്വയറില്‍ എത്തിയ ശേഷം ടൗണ്‍ ചുറ്റി വണ്‍വേ റോഡ് , ജില്ലാ ആശുപത്രി, ടി.ബി. ജംഗ്ഷന് വഴി നാലരയോടെ പ്രധാന വേദിയായ പഞ്ചായത്ത് സ്റ്റേഡിയത്തിലെ ഒഎന്‍വി നഗറിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: