പത്തനാപുരം: വേനല്‍ ചൂട് സര്‍വകാല റെക്കോര്‍ഡിലേക്ക്, കിഴക്കന്‍ മേഖല വെന്തുരുകുന്നു. തുലാമഴയും വേനല്‍മഴയും ചതിച്ചതോടെ വേനല്‍ച്ചൂട് ഫെബ്രുവരി പകുതി വാരമായപ്പോഴേക്കും അതിന്റെ പാരമ്യതയിലെത്തി. വരുംദിവസങ്ങളില്‍ ചൂട് വര്‍ദ്ധിക്കാനാണ് സാധ്യത.
കഴിഞ്ഞ വര്‍ഷം 38 ഡിഗ്രിയായിരുന്ന ചൂട് ഇത്തവണ 39 ഡിഗ്രിയും കടന്നു. താഴ്ന്ന പ്രദേശങ്ങളില്‍ പോലും ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങാന്‍ പോലും കഴിയാത്ത വിധത്തില്‍ ചൂട് കാഠിന്യം പ്രാപിച്ചു. കാല്‍നടയാത്രികരും ഇരുചക്രവാഹന യാത്രക്കാരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. ശക്തമായ കാറ്റ് കൂടിയായതോടെ പകല്‍സമയം അസഹ്യമായി മാറിയിരിക്കുകയാണ്. ഗ്രാമീണ മേഖലകളില്‍ ശക്തമായ കാറ്റില്‍ മരങ്ങള്‍ ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെടുന്നതും വൈദ്യുതി തകരാറിലാകുന്നതും പതിവ് സംഭവമായി. കെഐപി കനാല്‍ തുറന്നുവിട്ടെങ്കിലും ഡാമില്‍ ജലനിരപ്പ് കുറവായതിനാല്‍ സബ് കനാലുകളിലേക്ക് ജലമൊഴുക്കുന്നത് മിക്കയിടങ്ങളിലും നിര്‍ത്തിവച്ചു.വേനല്‍ക്കാലത്ത് കനലിനെ ആശ്രയിച്ച് കൃഷിയിറക്കുന്ന കര്‍ഷകര്‍ പലരും പ്രതിസന്ധിയിലായിരിക്കുകയാണ്.
















