കൊച്ചി: കളക്ടറേറ്റ് ജംഗ്ഷന്‍, ഈച്ചമുക്ക് എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ഭൂഗര്‍ഭ പാത പദ്ധതികള്‍ തയാറാക്കാന്‍ തീരുമാനം. കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയുടെ അധ്യക്ഷതയില്‍ പി.ടി. തോമസ് എംഎല്‍എ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനമായത്. പദ്ധതി തയാറാക്കാന്‍ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷന് എംഎല്‍എ നിര്‍ദേശം നല്‍കി.
പടമുഗള്‍ മുതല്‍ ഐഎംജി ജംഗ്ഷന്‍ വരെ തീരുന്ന രീതിയിലായിരിക്കണം ഭൂഗര്‍ഭപാത. വെണ്ണല പാലച്ചുവട് കാക്കനാട് റോഡു ചേരുന്ന ഈച്ചമുക്കിലും ഗതാഗതക്കുരുക്കിന് ഭൂര്‍ഗഭ പാതയാണ് യോജ്യമെന്ന് യോഗം വിലയിരുത്തി. ഐഎംജി ജംഗ്ഷന്‍ വികസിപ്പിച്ച് ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും പരിഹാരമുണ്ടാക്കണം. കുന്നുംപുറം കാക്കനാട് റോഡ് ജംഗ്ഷനിലും ഇതേസ്ഥിതിയാണുള്ളത്.
സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ കളമശേരി മുതല്‍ കരിങ്ങാച്ചിറ വരെ വ്യക്തമായ ദിശാബോര്‍ഡുകള്‍ സ്ഥാപിക്കണം. ഇപ്പോള്‍ രാത്രികാലങ്ങളില്‍ യാത്രികര്‍ക്കു വഴിതെറ്റുന്ന അവസ്ഥയാണ്. റിഫല്‍ക്ടറോടു കൂടിയ സീബ്രാലൈനുകള്‍ വരയ്‌ക്കണമെന്നു എംഎല്‍എ നിര്‍ദേശിച്ചു. ബിഎംസി എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് റോഡില്‍ സ്വകാര്യ വ്യക്തി മണ്ണെടുത്തിരിക്കുന്നത് പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ഇന്‍ഫോപാര്‍ക്ക് റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ സിഗ്‌നല്‍ ജംഗ്ഷനു സമീപം വരെ ഓട നിര്‍മിക്കാന്‍ നടപടി സ്വീകരിക്കണം.
പടമുഗള്‍ ജംഗ്ഷന്‍ മുതല്‍ കുന്നുംപുറം വരെയുണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി പി.ടി. തോമസ് എംഎല്‍എയുടെ നേതൃത്വത്തില്‍ 23ന് വൈകുന്നേരം ജനപ്രതിനിധികള്‍, വ്യാപാരികള്‍, ടാക്‌സി തൊഴിലാളികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ പങ്കെടുപ്പിച്ച് പരിശോധന നടത്തും.ഡെപ്യൂട്ടി കളക്ടര്‍ എംപി. ജോസ്, ആര്‍ടിഒ പി. എച്ച് സാദിക്കലി എന്നിവരെക്കൂടാതെ പൊതുമരാമത്ത്, ആര്‍ബിഡിസി, പോലീസ്, മറ്റ് വകുപ്പ് പ്രതിനിധികളും പങ്കെടുത്തു.
















