പത്തനംതിട്ട: പത്തുദിവസം നീണ്ടുനില്‍ക്കുന്ന പുഷ്പമേളയ്ക്ക് പത്തനംതിട്ട ഒരുങ്ങുന്നു. 23 മുതല്‍ മാര്‍ച്ച് അഞ്ചുവരെ നഗരസഭ സ്റ്റേഡിയത്തിലാണ്പുഷ്പമേള. സംസ്ഥാനത്തെ പുഷ്പക്കൃഷിയും അവയുടെ വിപണന സാധ്യതകളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട നഗരസഭയാണ് പുഷ്പമേള സംഘടിപ്പിക്കുന്നത്. മേളയില്‍ നിന്ന് ലഭിക്കുന്ന വരുമാനം പാവപ്പെട്ടവരുടെ ചികില്‍സാ ചെലവിനുള്ള ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിക്കാനാണ് നഗരസഭ തീരുമാനം.
40,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ശീതീകരിച്ച സ്റ്റാളുകളിലാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. രാജ്യത്തിന് അകത്തും പുറത്തുമുള്ള അയ്യായിരത്തോളം ഇനം പുഷ്പങ്ങളും 100ല്‍പ്പരം രുചിയേറുന്ന വിഭവങ്ങളും മേളയിലുണ്ടാകുമെന്ന് സംഘാടകര്‍ പറയുന്നു. സംസ്ഥാനത്ത് കൃഷി ചെയ്യുന്ന പൂക്കള്‍ക്കു പുറമെ വിദേശത്ത് നിന്നുള്ള അപൂര്‍വയിനം പുഷ്പങ്ങളും മേളയിലെത്തും.
ബാംഗ്ലൂര്‍, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ള പൂക്കളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ഡാലിയ, സാല്‍വിയ, ആസ്റ്റര്‍, കോസ്മോസ്, ഗ്ലിറേറിയ, സെലോഷ്യ, പെറ്റ്വനിയ, മെരിഗോള്‍ഡ്, എക്സോറ, ലില്ലിയം, മോര്‍ണിങ് ഗ്ലോറി, ടേബിള്‍ റോസ് എന്നിവയാണ് വിദേശരാജ്യങ്ങളില്‍ നിന്ന് എത്തുന്നത്. വൈവിധ്യങ്ങളായ ഓര്‍ക്കിഡുകള്‍, വിവിധ നിറങ്ങളിലുള്ള റോസാ പുഷ്പങ്ങളും മേളയിലണിനിരക്കും.
സമാപനദിവസമായ മാര്‍ച്ച് അഞ്ചിന് ഈ പുഷ്പങ്ങള്‍ ആവശ്യക്കാര്‍ക്ക് വാങ്ങാനുള്ള അവസരം ഒരുക്കും.
ഇതോടനുബന്ധിച്ച് നടത്തുന്ന ഭക്ഷ്യമേളയില്‍ കുലുക്കി സര്‍ബത്ത് മുതല്‍ നെയ്പത്തിരി വരെ ലഭിക്കും. നൈസ് പത്തിരി, ബട്ടൂര, അപ്പം, ദം ബിരിയാണി, ബനാന ഫ്രൈ, ആട്ട പൊറോട്ടോ, വിവിധയിനം പുട്ടുകള്‍, ദോശകള്‍ എന്നിവ കോഴിക്കോടന്‍ രുചിയിലാണ് ഒരുക്കുന്നത്. കാന്താരി കപ്പ, കപ്പ ബിരിയാണി, കപ്പയും മീന്‍കറിയും, ചുട്ട കപ്പയും ചമ്മന്തിയും തുടങ്ങി പത്തനംതിട്ടയുടെ രുചിയൂറുന്ന കപ്പ വിഭവങ്ങളുമുണ്ട്. നെല്ലിക്ക ജൂസുകള്‍, ഫ്രഷ് ജൂസുകള്‍, വിവിധതരം പായസങ്ങള്‍, കുട്ടനാടന്‍ ചിക്കന്‍, മീന്‍ വിഭവങ്ങളും ഭക്ഷ്യമേളയിലുണ്ട്.
പ്രവേശന കവാടത്തോടു ചേര്‍ന്ന് സംഗീത ജലധാരമേളഒരുക്കും . സംഗീതത്തിനൊപ്പം താളത്തില്‍ 20 അടിയോളം ഉയര്‍ന്നു താഴുന്ന ജലധാരയാണിത്. രാത്രിയില്‍ ശബ്ദപ്രകാശ വൈവിധ്യങ്ങളോടെ ജലധാര കാണാനാവും. കുട്ടികള്‍ക്കായി കിഡ്സ് സോണും ഫണ്സിറ്റിയും ഒരുക്കും. താത്കാലികമായി തയ്യാറാക്കുന്ന തടാകത്തില്‍ കുട്ടികള്‍ക്ക് ബോട്ട് ഓടിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും.
അത്യുത്പാദനശേഷിയുള്ള വിവിധയിനം പ്ലാവിന് തൈകളായ മുട്ടന്‍ വരിക്ക, ചെമ്പരത്തിവരിക്ക, കുള്ളന്‍ പ്ലാവ്, മലേഷ്യന്‍ പ്ലാവ്, ചെമ്പടക്ക എന്നിവയ്ക്കു പുറമെ ഏതു സീസണിലും കായ്ക്കുന്ന ഓള് സീസണ് പ്ലാവിന് തൈകളുടെ പ്രദര്‍ശനവും വില്പനയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: