തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രക്കുളത്തിന്റെ ശുചീകരണം തുടങ്ങി. കുളത്തിലെ വെള്ളം മലിനമായ തിനെ തുടര്‍ന്ന് നൂറു കണക്കിന് മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത് സംബന്ധിച്ച് ജന്മഭൂമി അടക്കമുള്ള മാധ്യമങ്ങള്‍ കഴിഞ്ഞ ആഴ്ച വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ ശുദ്ധികരണത്തിന് തയാറായത്. കുതിരശക്തി ഏറിയ രണ്ട് പമ്പ് സെറ്റുകള്‍ ഉപയോഗിച്ച് രണ്ടു ദിവസമായി തുടരുന്ന വറ്റിക്കല്‍ ഇന്ന് പൂര്‍ത്തിയാകും. വെള്ളം വറ്റിക്കുന്നതോടൊപ്പം മൂന്നടിയോളം ആഴത്തില്‍ കുളത്തില്‍ അടിഞ്ഞുകിടക്കുന്ന മാലിന്യവും ചേറും ജെറ്റ് പമ്പ് ഉപയോഗിച്ച് വലിച്ചെടുക്കുന്ന ജോലികളും ഇന്നലെ മുതല്‍ ആരംഭിച്ചിട്ടുണ്ട്. വെള്ളം വറ്റിക്കുന്നതറിഞ്ഞ് കുളത്തില്‍ വളരുന്ന മത്സ്യങ്ങളെ പിടിക്കാനെത്തിയ പ്രദേശ വാസികള്‍ ജോലിക്ക് തടസം സൃഷ്ടിച്ചിരുന്നു. രോഹു, കട്ള, മുശി, വരാല്, ചേറുമീന്‍ തുടങ്ങിയ പലതരത്തിലുള്ള ആയിരത്തി അഞ്ഞൂറ് കിലോയില്‍ ഏറെ മീന്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നാട്ടുകാര്‍ കുളത്തില്‍ നിന്നും പിടികൂടിയത്. പതിനഞ്ച് കിലോയില്‍ അധികം തൂക്കം വരുന്ന മത്സ്യങ്ങളെയും കുളത്തില്‍ നിന്നും ലഭിച്ചു. ഏറെക്കാലമായി തകര്‍ന്ന് കിടന്നിരുന്ന കുളത്തിന്റെ ചുറ്റുമതിലിനെയും പടിക്കെട്ടുകളുടെയും അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തില്‍ ഭക്തജനങ്ങള്‍ കഴിഞ്ഞ മാസം ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിന് മുന്നില്‍ ഉപരോധ സമരം സംഘടിപ്പിച്ചിരുന്നു. സമരത്തെ തുടര്‍ന്ന് മതില്‍ക്കെട്ടിന്റെ അറ്റകുറ്റപ്പണി നടത്താന്‍ ദേവസ്വം ബോര്‍ഡ് തയാറായി.
എന്നാല്‍ പടിക്കെട്ടുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ അധികൃതര്‍ മടി കാട്ടുകയാണെന്ന് ഭക്തര്‍ ആരോപിക്കുന്നു. ക്ഷേത്ര മതില്‍ക്കെട്ടിനുള്ളിലെ ജലവന്ദിക്കുളവും ക്ഷേത്രക്കുളവും നവീകരിക്കുന്നതിന് ആവശ്യമായ തുക അനുവദിക്കണമെന്ന് ാ
ആവശ്യപ്പെട്ട് ഉപദേശക സമിതി ഭാരവാഹികള്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിലിന് നിവേദനം നല്‍കിയിരുന്നു.
ഇതേ ആവശ്യം ചൂണ്ടിക്കാട്ടി ഉപദേശക സമിതി സെക്രട്ടറി വിനോദ് കുമാര്‍ ചുട്ടിയിലിന്റെ നേതൃത്വത്തില്‍ ദേവസ്വം എക്സിക്യുട്ടീവ് എന്‍ജിനീയര്‍ക്കും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: