തിരുവല്ല:അപ്പര്‍കുട്ടനാടന്‍ നെല്ലറകളിലേക്ക് തെളിനീര് എത്തിച്ചിരുന്ന പെരിങ്ങര തോട് വറ്റിവരണ്ടു. ജലസമൃദ്ധമായ ഭൂതകാലം ഓര്‍മ്മകളില്‍ മാത്രം ഒതുങ്ങി തോടിന്റെ പലഭാഗത്തും നീരൊഴുക്ക് നിലച്ച നിലയിലാണ്.മണിമലയാറിന്റെ കൈവഴിയായി മണിപ്പുഴയില്‍ നിന്നും ആരംഭിച്ച് ചാത്തങ്കരി തോട്ടില്‍ പതിക്കുന്ന പെരിങ്ങര തോടാണ് മാലിന്യവാഹിനിയായി മാറിയിരിക്കുന്നത്.
മണിപ്പൂഴ പാലത്തിന്റെ നിര്‍മ്മാണത്തെ തുടര്‍ന്ന് തോടിന് കുറുകെ കെട്ടികിടക്കുന്ന മണ്‍കൂനയാണ് പ്രദേശത്തേക്കുള്ള നീരൊഴുക്കിന് തടസം സൃഷ്ടിക്കുന്നത്.പഞ്ചായത്തിന്റെ പേപ്പര്‍ പദ്ധതികള്‍ക്ക് ഒന്നും തന്നെ തോടിനെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.വേനല്‍ കടുത്തതോടെ തോട്ടിലെ ജലനിരപ്പ് താഴ്ന്ന് നീരൊഴുക്ക് നിലച്ചതിനാല്‍ തോട്ടില്‍ കെട്ടിക്കിടക്കുന്ന പോളയും പായലും അഴുകി പ്രദേശമാകെ ദുര്‍ഗന്ധം പരത്തുകയാണ്.ജലം കെട്ടിക്കിടക്കുന്നത് പ്രദേശത്ത് ക്രമാതീതമായി കൊതുക് പെരുകുന്നതിനും ഇടയാക്കുന്നുണ്ട്. തോട്ടിലെ മലിനജലം ഉറവകളിലൂടെ പ്രദേശത്തെ കിണറുകളിലെത്തുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. വെളളപ്പൊക്ക കാലത്ത് മീന്‍പിടിക്കുന്നതിനായി തോട്ടില്‍ സ്ഥാപിച്ച വമ്പന്‍ കൂടുകളും കൂടിന് സംരക്ഷണമൊരുക്കുന്ന ചേരുകളുമാണ് നീരൊഴുക്ക് തടസപ്പെടാനുള്ള മറ്റൊരുകാരണം്. മീന്‍ പിടിക്കുന്നതിനായി തോടിന് കുറുകെ മീന്‍ പിടിക്കുന്നതിനായി കെട്ടിയിരുന്ന അഴിയടുപ്പമുളള വലകളും ഒഴുക്കിന് തടസം സൃഷ്ടിക്കുന്നുണ്ട്. നീരൊഴുക്ക് നിലച്ചതോടെ തോട്ടിലെ ജലം കറുത്തിരുണ്ട് കുഴമ്പ് പരുവത്തിലായി മാറിയിട്ടുണ്ട്. തോട്ടിലെ നീരൊഴുക്ക് നിലച്ചത് അപ്പര്‍ കുട്ടനാട്ടിലെ പ്രധാന കാര്‍ഷിക മേഖലയായ പെരിങ്ങരയ്ക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. പ്രദേശത്തെ വരാപ്പാടം അടക്കമുള്ള പ്രധാന പാടശേഖരങ്ങളിലേക്ക് കാര്‍ഷിക ആവശ്യത്തിനുളള ജലം ലഭിച്ചിരുന്നത് ഈ തോട്ടില്‍ നിന്നാണ്. കുളിക്കുന്നതിനും വസ്ത്രം അലക്കുന്നതിനും അടക്കമുളള ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് തോടിന്റെ ഇരുകരകളിലുമുളള നിരവധി കുടുംബങ്ങള്‍ ഈ തോടിനെയാണ് ആശ്രയിച്ചിരുന്നത്. മാലിന്യം നിറഞ്ഞ തോട്ടിലേക്കിറങ്ങാന്‍ ഇപ്പോള്‍ ജനം മടിക്കുകയാണ്. വെളളത്തിന്റെ ദുര്‍ഗന്ധം അവഗണിച്ച് തോട്ടിലിറങ്ങുന്നവര്‍ക്ക് ശരീരത്തില്‍ ചൊറിച്ചിലും പുകച്ചിലും അനുഭവപ്പെടുന്നതായി പരാതിയുണ്ട്.കൂടാതെ ഇരുകരകളിലുമുളള വീടുകളില്‍ നിന്നും പലവിധ മാലിന്യങ്ങള്‍ തോട്ടില്‍ നിക്ഷേപിക്കുന്നതുംവെളളം മലിനമാകാന്‍ കാരണമാകുന്നുണ്ട്. തോടിന്റെ ശോച്യാവസ്ഥ മത്സ്യ സമ്പത്തിനും ഭീഷണിയായിട്ടുണ്ട്. ശുചീകരണത്തിന് ആവശ്യമായ പദ്ധതികള്‍ തയാറാക്കുന്നതില്‍ പഞ്ചായത്ത് അധികൃതര്‍ വേണ്ടത്ര ശ്രദ്ധ കാട്ടാത്തതാണ് തോടിന്റെ ദുരവസ്ഥയ്ക്ക് കാരണമായി തീര്‍ന്നിരിക്കുന്നത്. തോടിന്റെ ശോച്യാവസ്ഥ പ്രദേശത്ത് സാംക്രമിക രോഗങ്ങള്‍ പിടിപെടാനുളള സാധ്യത ഏറെ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. നിരവധി തവണ പരാതികള്‍ ന ല്കിയിട്ടും ശ്വാശ്വത പരിഹാരമുണ്ടാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് സാധിച്ചിട്ടില്ലന്ന് പ്രദേശവാസികള്‍ പറയുന്നു. വേനല്‍ ചൂട് കൂടിയ സാഹചര്യത്തില്‍ തോട് സംരക്ഷിക്കാ ന് പഞ്ചായത്ത് ഭരണസമിതി നടപടികള്‍ സ്വീകരിക്കണമെന്ന് പഞ്ചായത്ത് അംഗംങ്ങളായ ആശാദേവീ,പി.കെ പ്രകാശ് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: