പരപ്പനങ്ങാടി: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് രൂപംകൊണ്ട നഗരസഭകളില്‍ ഭരണപ്രതിപക്ഷ ഭിന്നത മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് രൂക്ഷമാണ്. ഇത് വികസനമുരടിപ്പിന്റെ കാഠിന്യം വര്‍ധിപ്പിക്കുന്നതായി ജനങ്ങള്‍ കുറ്റപ്പെടുത്തുന്നു.
പേരില്‍ മാത്രം നഗരസഭാ പരിവേഷമണിഞ്ഞ തിരുരങ്ങാടി, പരപ്പനങ്ങാടി, താനൂര്‍ നഗരസഭകള്‍ക്കായി കില ഇന്നലെ തിരുരങ്ങാടി മുന്‍സിപ്പല്‍ ഹാളില്‍ സംഘടിപ്പിച്ച സെമിനാറില്‍ പ്രതിപക്ഷത്തിന്റേതടക്കം പ്രാധിനിത്യക്കുറവ് ഈ ഭിന്നതയുടെ നേര്‍ക്കാഴ്ചയായിരുന്നു. നഗരസഭാതലത്തില്‍ ആസൂത്രണ സമിതികള്‍ രൂപീകരിച്ച് വര്‍ക്കിംങ് ഗ്രൂപ്പുകളിലൂടെ വികസന പദ്ധതികള്‍ തയ്യാറാക്കുകയായിരുന്നു സെമിനാറിന്റെ ലക്ഷ്യം. നഗരസഭകള്‍ കേന്ദ്രീകരിച്ച് രൂപീകരിക്കുന്ന ആസൂത്രണ സമിതി ചെയര്മാന് നഗരസഭയുടെ അദ്ധ്യക്ഷനായിരിക്കും. വൈസ് ചെയര്മാന് സാങ്കേതിക രംഗത്തെ മികവ് തെളിയിച്ചവര്‍ ആരെങ്കിലുമായിരിക്കണം. കണ്‍വീനര്‍ അതാത് നഗരസഭാ സെക്രട്ടറിമാരായിരിക്കും. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, ധനകാര്യം, പൊതുമരാമത്ത് തുടങ്ങി വിവിധ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്മാന്മാരും സാങ്കേതിക വിദഗ്ദരെയും ഉള്‍പ്പെടുത്തി കൊണ്ടാണ് സമിതികള്‍ രൂപീകരിക്കേണ്ടത്. സമിതിയില്‍ സാങ്കേതിക വിദഗ്ദരെ ഉള്‍പ്പെടുത്തുമ്പോഴാണ് രാഷ്ട്രീയ നിറത്തിന്റെ ഭിന്നത വളരുന്നത്.
പരപ്പനങ്ങാടിയില്‍ 15 അംഗസമിതിയില്‍ ഏഴ് അംഗങ്ങളും ഭരണപക്ഷക്കാരാണ് പിന്നീട് വരുന്ന എട്ട് അംഗങ്ങളായി വരേണ്ടത് ഇതില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കിയില്ലെന്ന് ആരോപിച്ച് വിയോജനക്കുറിപ്പിറക്കി ജനകീയ വികസന മുന്നണി സമിതി രൂപീകരണത്തില്‍ നിന്നും മാറി നിന്നു.
തിരുരങ്ങാടി നഗരസഭയിലെ ആസൂത്രണമില്ലായ്മ മുന്‍ വര്‍ഷങ്ങളില്‍ പല കേന്ദ്ര-സംസ്ഥാന പദ്ധതികളും നഗരസഭക്ക് നഷ്ടപ്പെടാനിടയാക്കിയിട്ടുണ്ട് ഗ്രാമങ്ങളുടെ സമഗ്രവികസനത്തിനായി കേന്ദ്രം വിഭാവനം ചെയ്ത ‘പുര’ പദ്ധതി നഷ്ടപെടുത്തിയവര് തന്നെയാണ് ഇന്നും തിരുരങ്ങാടി നഗരസഭയുടെ ഭരണപക്ഷത്തുള്ളത്. മുന്‍ വിദ്യാഭ്യാസ മന്ത്രിയുടെ നാടായിരുന്നിട്ടും പരപ്പനങ്ങാടിയിലെ വികസന പ്രക്രിയകള്‍ വികസന വൈകൃതങ്ങളായി ഇന്നും തുടരുകയാണ്. ആസൂത്രണമില്ലായ്മയുടെ നേര്‍ചിത്രമാണ് പരപ്പനങ്ങാടിയിലെ മേല്‍പ്പാലവും അടിപ്പാതയും. താനൂരിന്റെ ഭരണപക്ഷത്തിന്റെ തന്പോരിമയായിരുന്നു ഇവിടത്തെ വികസനത്തെ പിന്നോട്ടടിച്ചത്. പേരില്‍ മാത്രം നഗരസഭകളായ തിരൂരങ്ങാടിയിലും താനൂരും പരപ്പനങ്ങാടിയിലും ആവശ്യമായ ഉദ്യോഗസ്ഥരെപ്പോലും ഇതുവരെ നിയമിച്ചിട്ടില്ല. ഫലത്തില്‍ ഭരണസ്തംഭനം മാത്രം നിലനില്‍ക്കുന്ന ഈ മുന്‍സിപ്പാലിറ്റികളിലെ വികസന പദ്ധതികള്‍ നടപ്പിലാകണമെങ്കില്‍ രാഷ്ട്രീയ വടംവലികള്‍ മാറ്റിവെച്ച് കര്‍മ്മശേഷിയുള്ള സാങ്കേതിക വിദഗ്ദരുടെ സേവനം ഉപയോഗപ്പെടുത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: