കടുത്തുരുത്തി: വേനല്‍ച്ചൂട് കടുത്തതോടെ വെള്ളമില്ലാതെ വാഴകള്‍ ഒടിയുന്നു. ജില്ലയിലെ വാഴകര്‍ഷകര്‍ ദുരിതത്തില്‍. ദിനംപ്രതി നിരവധി വാഴകളാണ് കനത്ത ചൂടേറ്റ് ഒടിഞ്ഞു വീഴുന്നത്.
ആയിരക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇത് മൂലം കര്‍ഷകര്‍ക്ക് ഉണ്ടാകുന്നത്. കര്‍ഷകര്‍ പണം പലിശയ്‌ക്കെടുത്തും, ബാങ്കില്‍ നിന്ന് ലോണെടുത്തുമൊക്കെയാണ് വാഴ കൃഷി ആരംഭിച്ചത്. പെരുവയില്‍ മുളക്കുളം പഞ്ചായത്താഫീസിന് സമീപം ഉദലോത്ത് സുരേഷിന്റെയും മേവെള്ളൂര്‍ ആകാശാലയില്‍ ചാക്കോച്ചന്റെയും ഇരുന്നൂറോളം വീതം വാഴകളാണ് കഴിഞ്ഞ ദിവസങ്ങളിലായി ഒടിഞ്ഞത്. കനത്ത ചൂടേറ്റ് ഏത്തവാഴകള്‍ വട്ടംഒടിഞ്ഞ് വീഴുകയാണ്. ഏറെയും ഞാലിപ്പൂവന്‍ വാഴകളാണ് ഒടിഞ്ഞു വീഴുന്നത്. ഇവയില്‍ കുലകള്‍ ഉണ്ടായതിനാല്‍ മൂപ്പെത്തും മുമ്പേ വാഴകള്‍ ഒടിയുന്നതിനാല്‍ കര്‍ഷകര്‍ ഏറെ പ്രതിസന്ധിയിലാണ്.
ഏത്തവാഴ, ഞാലിപ്പൂവന്‍, പാളയന്‍കോടന്‍, പൂവന്‍വാഴ തുടങ്ങിയ വാഴകളാണ് ഇവിടെ ഏറെയും കൃഷിചെയ്തിരുന്നത്. കൃഷി ചെയ്തത് മുതല്‍ വെള്ളം ലഭിക്കാത്തതിനാല്‍ കുലച്ചവാഴകളിലെല്ലാം ചെറിയ കുലകളാണ് ഉണ്ടായിരിക്കുന്നതെന്നാണ് കര്‍ഷകര്‍ പറയുന്നത്. വിളവെടുക്കാറായ വാഴകള്‍ ഇത്തരത്തില്‍ കടുത്തചൂടേറ്റ് വാഴകള്‍ വട്ടമൊടിഞ്ഞു വീഴുന്നതിനാല്‍ കര്‍ഷകര്‍ ഏറെ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഈ പ്രദേശങ്ങളിലെ ജലസ്രോതസുകള്‍ പൂര്‍ണ്ണമായും വറ്റിയതാണ് കര്‍ഷകരെ ദുരിതത്തിലാക്കിയിരിക്കുന്നത്.
















