കൂരോപ്പട: ളാക്കാട്ടൂര്‍ മരുതുകാവ് ക്ഷേത്രത്തില്‍ പുതിയതായി പ്രതിഷ്ഠിക്കുന്ന ധന്വന്തരീ മൂര്‍ത്തി, ബുദ്ധിസിദ്ധി മഹാഗണപതി പ്രതിഷ്ഠാ ചടങ്ങുകള്‍ മേടത്തിലെ അത്തം നാളായ മെയ് 8ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഭുവനേശ്വരിക്കും ഭദ്രകാളിക്കും തുല്യതയുള്ള ക്ഷേത്രത്തില്‍ ഇതേ പ്രാധാന്യത്തോടെയാണ് ധന്വന്തരി-ഗണപതി പ്രതിഷ്ഠകള്‍ നടക്കുന്നത്. സ്ഥപതി ഗോവിന്ദന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ശ്രീകോവിലുകളുടെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. പ്രതിഷ്ഠ പൂര്‍ത്തിയാകുന്നതോടെ വര്‍ഷത്തില്‍ നാല് ഉത്സവങ്ങള്‍ നടക്കുന്ന ക്ഷേത്രമെന്ന ഖ്യാതി ഇവിടെ ഉണ്ടാവും.
ദേവപ്രശ്‌ന പരിഹാരക്രിയകളുടെ പരിഹാരമായാണ് പ്രതിഷ്ഠ നടത്തുന്നത്. തന്ത്രിമാരായ ലാല്‍പ്രസാദ് ഭട്ടതിരി, സൂര്യകാലടി സൂര്യന്‍ സുബ്രഹ്മമ്യന്‍ ഭട്ടതിരി എന്നിവര്‍ പ്രതിഷ്ഠാ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. രക്ഷാധികാരി എ.ആര്‍. സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി ബി. ഹരികുമാര്‍, മേല്‍ശാന്തി ഗിരീഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
















