വടക്കഞ്ചേരി : കിഴക്കഞ്ചേരി കോരഞ്ചിറയില്‍ ബി എം എസ് നേതാവ് പൊന്മലക്കും ഭാര്യക്കും വെട്ടേറ്റ സംഭവത്തില്‍ ഒന്‍പതു സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. കിഴക്കഞ്ചേരിയിലെ സിപിഎം പ്രവര്‍ത്തകരായ ഓമനക്കുട്ടന്,ജോമോന്,പ്രദീപ്,ശിവന്,രാജേഷ്,അജിത്ത്,രാജേഷ്,തങ്കപ്പന്, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെയാണ് 308 വകുപ്പ് പ്രകാരം വടക്കഞ്ചേരി പോലീസ് കേസ് എടുത്തിരിക്കുന്നത്. ഇവരെല്ലാം സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരാണെന്ന് പോലീസ് പറഞ്ഞു. ബിഎംഎസ് ജില്ലാ കമ്മിറ്റി അംഗവും മേഖല വൈസ് പ്രസിഡന്റുമായ കോരഞ്ചിറ കോട്ടകുളം കെ.എസ്.പൊന്മല, ഇയാളുടെ ഭാര്യ പത്മാവതി, മക്കളായ വിഷ്ണു, ഷിമിത്ത് എന്നിവര്‍ക്കാണ് ആക്രമണത്തില്‍ വെട്ടേറ്റത്.
ശനിയാഴ്ച രാവിലെ ഒന്‍പതു മണിയോടെ രണ്ടുപേരും ചേര്‍ന്ന് റബ്ബര്‍ തോട്ടത്തില്‍ ടാപ്പിംഗ് ജോലികള്‍ ചെയ്യുന്നതിനിടെ ബൈക്കുകളില്‍ എത്തിയ ആറംഗ മുഖം മൂടി സംഘം ആക്രമിക്കുകയായിരുന്നു. ആക്രമണം കണ്ടു തടയാനെത്തിയപ്പോഴാണ് ഇവരുടെ മക്കള്‍ക്കും പരിക്കേറ്റത്. ഇവര്‍ തൃശൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണങ്ങള്‍ നടന്ന പ്രദേശങ്ങളിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്തു പോലിസ് സംഘം പ്രദേശത്തു പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്
ബിഎംഎസ് നേതാവിനെ വീട്ടില്‍ കയറി മാരാകായുധങ്ങളുമായി അക്രമിച്ച സിപിഎമ്മിന്റെ നടപടിയില്‍ ബിഎംഎസ് ആലത്തൂര്‍ മേഖല കമ്മിറ്റി പ്രതിഷേധിച്ചു.
സംഘപ്രസ്ഥാനങ്ങള്‍ക്കുനേരെ കിഴക്കഞ്ചേരിയില്‍ നിരന്തരമായി നടക്കുന്ന അക്രമം ആസൂത്രിതമാണ്. ഇതിനെതിരെ പോലീസ് നടപടി എടുക്കാത്തതില്‍ സമിതി ആശങ്ക പ്രകടിപ്പിച്ചു. സമാധനം നിലനില്‍ക്കുന്ന മേഖലയില്‍ ഭരണത്തിന്റെ തണലില്‍ സിപിഎം അക്രമം അഴിച്ചു വിടുകയാണ്. പാര്‍ട്ടിയില്‍നിന്നും രാജിവെച്ച് നിരവധിപേര്‍ ബിജെപിയിലും ബിഎംഎസ്സിലും അണിനിരക്കുന്നതാണ് ഇവരെ പ്രകോപിതരാക്കുന്നത്. അക്രമത്തെ നിയന്ത്രിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് ബിഎംഎസ് മുന്നറിയിപ്പ് നല്കി. മേഖല പ്രസിഡന്റ് കെ.ശശികുമാര്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ആര്.സ്വമിനാഥന്‍, ജില്ലാ ജെ.സെക്രട്ടറി വി.മാധവന്, വി.സുന്ദരന്‍, സി.പി.കൃഷ്ണദാസ്, എ.രാമചന്ദ്രന്, കൃഷ്ണന്‍കുട്ടി, എം.വി.രാഘവന് എന്നിവര്‍ സംസാരിച്ചു ആശുപത്രിയില്‍ കിടക്കുന്നവരെ നേതാക്കള്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: