പന്തളം: കൊടിയ വരള്‍ച്ച കാരണം മാവര പുഞ്ചയില്‍ പാടങ്ങള്‍ വിണ്ടുകീറി. അടിക്കണ കുടം പരുവമായ നെല്ലുകരിഞ്ഞുണങ്ങാന് തുടങ്ങിയതോടെ കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായിരിക്കുന്നത്.
മാവര പുഞ്ചയുടെ പന്തളം തെക്കേക്കര പഞ്ചായത്തിലുള്‍പ്പെടുന്ന 40 ഏക്കറോളം ഭാഗത്തെ കര്‍ഷകരാണ് വരള്‍ച്ച രൂക്ഷമായതോടെ ദുരിതത്തിലായിരിക്കുന്നത്. പുഞ്ചയിലെ കൃഷിക്ക് വെള്ളം ലഭ്യമായിരുന്ന മാവര തോട് വറ്റി വരണ്ടതാണ് കൃഷിക്കു വിനയായത്. തന്റെ ജീവിതത്തില്‍ ആദ്യമായാണ് തോടു വറ്റിയതു കാണുന്നതെന്ന് 72 വയസ്സുള്ള ഹരിമംഗലത്ത് നാരായണക്കുറുപ്പ് പറഞ്ഞു. അദ്ദേഹത്തിനു പുറമെ ചരിഞ്ഞകാലായില്‍ നാരായണപിള്ള, പന്നിവിഴേത്ത് ഗോപാലപിള്ള, കോയിക്കോണത്ത് വാസുപിള്ള, കൈമടയ്യത്ത് രാജശേഖരന്, കൈമടയ്യത്ത് ഗോപകുമാര്‍, കടലൂര്‍ ഗോപകുമാര്‍, കിണറുവിളയില്‍ കുഞ്ഞുപിള്ള, മുക്കത്ത് പുതിയ വീട്ടില്‍ ചെല്ലപ്പന്, കരട്ടവിള ലക്ഷംവീട് കോളനിയിലെ ശാന്ത, പാണുവേലില്‍ പടിഞ്ഞാറ്റേതില്‍ ഹരി, തുണ്ടിയില്‍ പുത്തന്‍വീട്ടില്‍ അച്യുതന് നായര്‍, ദീപക്കില്‍ അപ്പുക്കുട്ടന് നായര്‍, വരിക്കോലില്‍ മോഹനന്‍പിള്ള തുടങ്ങിയ കര്‍ഷകര്‍ക്കാണ് ഈ വര്‍ഷത്തെ വരള്‍ച്ച വന്‍ സാമ്പത്തിക നഷ്ടം വരുത്തിയിരിക്കുന്നത്. ഈ വര്‍ഷമിവിടെ 40 ഏക്കറോളമാണ് കൃഷി ചെയ്തത്. 100 ഏക്കറോളം തരിശായും കിടക്കുന്നു. കൃഷിഭവനില്‍ നിന്നു സൗജന്യമായി ലഭിച്ച ഉമ ഇനം വിത്താണ് കൃഷിയിറക്കിയത്. മെഷീനില്‍ വിത്തിട്ടതിന് ഒരേക്കറിന് നാലായിരം രൂപ ചെലവായി. കുടാതെ നിലമൊരുക്കല്‍, വളം, കീടനാശിനി എന്നിവയ്ക്കുള്‍പ്പെടെ ഏക്കറിന് മൊത്തത്തില്‍ പതിനയ്യായിരം രൂപയാണ് ചെലലവ്. കര്‍ഷകരില്‍ പലരും നിലം പാട്ടത്തിനെടുത്തും പണം കടം വാങ്ങിയുമാണ് കൃഷിയിറക്കിയത്. ഇതെല്ലാമാണ് കര്‍ഷകരെ ഏറെ വിഷമത്തിലാക്കിയിരിക്കുന്നത്.
വരള്‍ച്ച രൂക്ഷമാകാന്‍ തുടങ്ങിയപ്പോഴെങ്കിലും കെഐപി കനാലില്‍ക്കൂടി വെള്ളമെത്തിച്ചിരുന്നെങ്കില്‍ തങ്ങള്‍ക്ക് ഈ അവസ്ഥ വരില്ലായിരുന്നുവെന്ന് കര്‍ഷകര്‍ പറയുന്ന്. നിരവധി തവണ അധികൃതരോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ അവഗണിക്കുകയായിരുന്നെന്നും സ്ഥിതി ഇത്രമാത്രം വഷളായിട്ടും കൃഷിവകുപ്പോ മറ്റു ബന്ധപ്പെട്ട അധികാരികളോ ഇതുവരെയും ഒരി നടപടിയും സ്വീകരിക്കാന്‍ തയ്യാറായിട്ടില്ലെന്നും കര്‍ഷകര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: