പുഴയ്ക്കല്‍: ശോഭസിറ്റിക്കു സമീപം പുഴയ്ക്കല്‍ പാടത്തെ കുറ്റിക്കാടുകള്‍ക്കു തീപിടിച്ചു. ഈ പ്രദേശമാകെ പുക നിറയുകയും കുന്നംകുളം ഹൈവേയിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. അഗ്നിശമനസേന എത്തിയാണ് തീയണച്ചത്.
ഇന്നലെ രാവിലെ രണ്ടുമണിക്കൂറുകളോളം ആളിക്കത്തിയ തീ കാറ്റില്‍ തലങ്ങും വിലങ്ങും പടര്‍ന്നു. പുഴയ്ക്കല്‍ പാടം തീപ്പാടമായി മാറിയതോടെ ഈ പ്രദേശം മുഴുവന്‍ ഇരുണ്ടപുക നിറഞ്ഞു. കുന്നംകുളം ഹൈവേയിലും പുകശല്യമായി. വാഹനങ്ങള്‍ ഓടിക്കാനാകാത്തത്രയും പുകയായതോടെ ജനങ്ങള്‍ അഗ്നിശമനസേനയുടെ സഹായം തേടുകയായിരുന്നു.
അഗ്നിശമനസേന രാവിലെ എട്ടരയോടെയെത്തി രണ്ടരമണിക്കൂര്‍ നീണ്ട അദ്ധ്വാനത്തിനുശേഷമാണ് തീയണച്ചത്. കട്ടിയുള്ള പുകമൂലം അഗ്നിശമനസേനാംഗങ്ങള്‍ക്കു പാടത്തേക്കിറങ്ങി തീയണയ്ക്കാന്‍ ഏറെ ക്ലേശിക്കേണ്ടിവന്നു. പാടത്തു വളര്ന്നുനില്ക്കുന്ന പുല്ലിനും കുറ്റിക്കാടുകള്‍ക്കും ആരോ തീയിട്ടതാണെന്നാണ് കരുതുന്നത്. പ്രദേശത്ത് അടുത്തദിവസങ്ങളില്‍ നടക്കാന്‍ പോകുന്ന സമ്മേളനത്തിന്റെ ഭാഗമായി ചിലര്‍ പുല്ല് വെട്ടിത്തെളിക്കുകയും തീയിടുകയും ചെയ്തതായി പരിസരവാസികള്‍ പറഞ്ഞു. ഇതില്‍ നിന്നാകാം തീ പടര്‍ന്നതെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: