തിരുവനന്തപുരം: ഗുണനിലവാരമുള്ള ലബോറട്ടറി പരിശോധനാ സംവിധാനങ്ങള്‍ സംസ്ഥാനത്ത് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മഹാരാഷ്‌ട്ര സര്‍ക്കാറും എച്ച്എല്‍എല്ലും കരാറിലൊപ്പിട്ടു. എച്ച്എല്‍എല്‍ ലൈഫ് കെയറിന് കീഴിലുള്ള ഹിന്ദ് ലാബ്‌സിന്റെ സേവനങ്ങള്‍ ഇതിലൂടെ വ്യാപിക്കും. വ്യവസ്ഥയനുസരിച്ച് മഹാരാഷ്‌ട്രയിലെ 33 ജില്ലകളിലായി 100 ഹിന്ദ് ലാബുകള്‍ തുടങ്ങും. ഡിഎച്ച്എസിന് കീഴിലുള്ള 2300 സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്നവര്‍ക്ക് പരിശോധനാ സംവിധാനത്തെ ആശ്രയിക്കാം. 90 ദിവസത്തിനുള്ളില്‍ ലാബുകള്‍ പ്രവര്‍ത്തനമാരംഭിക്കും.
രോഗികളില്‍ നിന്ന് പരിശോധനാ സാമ്പിള്‍ ശേഖരിക്കുന്നതു മുതല്‍ പരിശോധനയും റിപ്പോര്‍ട്ടുകളുമെല്ലാം കമ്പ്യൂട്ടര്‍ ശൃംഖലയിലൂടെ നിയന്ത്രിക്കും. ദേശീയ ആരോഗ്യ മിഷന് കീഴിലുള്ള മുംബയ് ഡയറക്ടറേറ്റ് ഒഫ് ഹെല്‍ത്ത് സര്‍വീസസും (ഡിഎച്ച്എസ്)സംസ്ഥാന ആരോഗ്യ സൊസൈറ്റിയുമായാണ് എച്ച്എല്‍എല്‍ കരാര്‍ ഒപ്പുവച്ചത്. ദേശീയ ആരോഗ്യമിഷനുമായി ചേര്‍ന്ന് അസം, കേരളം, ഒഡീഷ സംസ്ഥാനങ്ങളിലും സമാന പദ്ധതികള്‍ ആരംഭിക്കാനൊരുങ്ങുകയാണ് എച്ച്എല്‍എല്‍. നൂറിലേറെ രോഗനിര്‍ണയ പരിശോധനകള്‍ക്കാണ് ഹിന്ദ് ലാബുകളില്‍ സൗകര്യമൊരുക്കിയിരിക്കുന്നത്. വിദഗ്ധ പരിശോധകള്‍ക്കെല്ലാം മറ്റു സ്വകാര്യ ലാബുകളിലേതിനെക്കാള്‍ നിരക്ക് കുറവുമാണ്.
















