പാലക്കാട്: വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ ജലം കുടിവെള്ളത്തിന് മാത്രം വിതരണം ചെയ്താല്‍ മതിയെന്ന് തീരുമാനം. തൃശ്ശൂരില്‍നടന്ന വരള്‍ച്ചാ അവലോകന യോഗ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമാണ് ജില്ലാ കളക്റ്റര്‍ യോഗം വിളിച്ചത്.
നിലവിലുള്ള ജലം കുടിവെള്ളാവശ്യത്തിന് മാത്രം വിതരണം ചെയ്താല്‍ മതിയെന്ന് യോഗത്തില്‍ നിര്‍ദേശിച്ചിരുന്നു. മഴലഭിക്കുന്നതുവരെയും സര്‍ക്കാര്‍ ഉത്തരവില്‍ മാറ്റം വരുന്നവരെയും തീരുമാനം കര്‍ശനമായി പാലിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. അനധികൃത ഇഷ്ടികക്കളങ്ങള്‍ ജലചൂഷണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കും.
ജനുവരി 30ലെ ദുരന്തനിവാരണ സമിതിയുടെ ഉത്തരവില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ അടുത്ത സമിതി യോഗത്തില്‍ അവതരിപ്പിക്കും.
ജലം അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്ന കമ്പനികള്‍ ദുരന്തനിവാരണ സമിതിയുടെ ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ജില്ലാതല ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം.
ആളിയാറില്‍ നിന്നും ലഭിക്കുന്നജലം സ്രോതസ്സുകളില്‍ സംഭരിച്ച് വരള്‍ച്ച രൂക്ഷമാകുന്ന സമയത്ത് കുടിവെള്ളത്തിനായി വിതരണം ചെയ്യും. അനധികൃത ജലചൂഷണം തടയാന്‍ ജലവിഭവ,ജലസേചന, ഭൂജല,റവന്യു,കൃഷി,വൈദ്യുതി,പൊലീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ താലൂക്ക്തല സ്ക്വഡുകള്‍ രൂപവത്കരിക്കും.
കൃഷി ആവശ്യത്തിന് കുടിവെള്ളം ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വൈദ്യുതി വിച്ഛേദിക്കും. സ്വകാര്യ വ്യക്തികള്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ശുദ്ധത ജലവിഭവവകുപ്പ് ഉറപ്പു വരുത്തും. അട്ടപ്പാടിയിലെ ഉള്‍പ്രദേശങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ ചെറുവാഹനങ്ങള്‍ ആവശ്യമാണെങ്കില്‍ ഇക്കാര്യം പഞ്ചായത്തും പട്ടികവര്‍ഗ വികസന വകുപ്പും പരിശോധിച്ച് കളക്റ്റര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.
യോഗത്തില്‍ മലമ്പുഴ-ചിറ്റൂര്‍ ഇറിഗേഷന്‍ എക്സി.എഞ്ചിനിയര്‍മാര്‍,ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍,വാട്ടര്‍ അതോറിറ്റി ഡിവിഷനല്‍ എക്സി.എഞ്ചിനിയര്‍,കൃഷി വകുപ്പ് ഡെപ്യുട്ടി ഡയറക്റ്റര്‍, വൈദ്യുതി വകുപ്പ് ഡെപ്യുട്ടി ചീഫ് എഞ്ചിനിയര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: