ആലപ്പുഴ: ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിരവിമുക്ത ചികിത്സാ പരിപാടി 10ന് നടക്കും. ഒന്നു മുതല്‍ 19വയസു വരെ പ്രായമുള്ള കുട്ടികള്‍ക്ക് ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കുന്നതാണ് പരിപാടി. സര്‍ക്കാര്‍, എയിഡഡ്, അണ്‍എയിഡഡ് സ്‌കൂളുകളിലെയും അങ്കണവാടി, ഡേകെയര്‍ സെന്ററുകളിലെയും കുട്ടികള്‍ക്കാണ് ഗുളിക നല്‍കുന്നത്. 10ന് ഗുളിക നല്കാന്‍ സാധിക്കാത്തവര്‍ക്ക് സമ്പൂര്‍ണ വിരവിമുക്ത ദിനമായ 15ന് നല്‍കും. രണ്ടു വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് അര ഗുളികയും അതിനു മുകളില്‍ പ്രായമുളളവര്‍ക്ക് ഒരു ഗുളികയുമാണ് നല്‍കുന്നത്. ജില്ലയില്‍ 4,50,862 കുട്ടികള്‍ക്കാണ് ഗുളിക നല്‍കാന്‍ ലക്ഷ്യമിടുന്നതെന്ന് ആര്‍സിഎച്ച് ഓഫീസര്‍ ഡോ. മോഹന്‍ദാസ് പത്രസമ്മേളനത്തില്‍ അറിയിച്ചു. മണ്ണില്‍ കളിക്കുക, ശുചിത്വമില്ലായ്‌മ, നല്ലതു പോലെ വൃത്തിയാക്കാത്തതും പാചകം ചെയ്യാത്തതുമായ പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയിലൂടെ വിരകള്‍ ശരീരത്തില്‍ പ്രവേശിക്കാന്‍ സാദ്ധ്യതയുണ്ട്. ഇത്കുട്ടികളുടെ വിളര്‍ച്ചയ്‌ക്കും പോഷണക്കുറവിനും കാരണമാകുമെന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അസോ. പ്രൊഫ. ഡോ. വിശ്വകല പറഞ്ഞു.
















