കുറവിലങ്ങാട്: വിശ്വാസ പെരുമയേറി കുറവിലങ്ങാട് മര്‍ത്തമറിയം ഫെറോനാപ്പള്ളിയില്‍ കപ്പല്‍ പ്രദിക്ഷണം നടന്നു. വിശ്വാസികള്‍ തീര്‍ത്ത കടലില്‍ ആടിയുലയുന്ന കപ്പല്‍ മൂന്നു നോമ്പിന്റെ പ്രധാന ആചാരമാണ്. യോനാപ്രവാചകന്റെ നിനവേ യാത്രയുടെ ഓര്‍മ്മ പുതുക്കല്‍ കൂടിയാണ് കപ്പല്‍ പ്രദിക്ഷണം. പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കും നോമ്പിനുശേഷം നാവീകപാരമ്പര്യം പേറുന്ന കടപ്പൂര്‍ നിവാസികളുടെ കൈകളിലാണ് കപ്പല്‍ ആടിയുലയുന്നത്. വലിയപള്ളിയുടെ മുറ്റത്ത് കപ്പല്‍ ഓടിക്കളിച്ചപ്പോള്‍ ചെറിയപള്ളിയില്‍ നിന്ന് ഗജവീരന്‍മാരുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുള്ള പ്രദിക്ഷണം ആരംഭിച്ചു. ചെറിയ പള്ളിയുടെ പടവുകളില്‍ എത്തിനില്‍ക്കുന്ന പ്രദിക്ഷണത്തിലെ മുന്‍ഭാഗത്തുള്ള ഓട്ടുകുരിശില്‍ മുത്തമിട്ട കപ്പല്‍ പടവുകള്‍ ഇറങ്ങി കുരിശും തൊട്ടിയില്‍ എത്തി ഓടിക്കളിച്ച് തുടര്‍ന്ന് കടല്‍ ക്ഷേഭത്തിന്റെ പ്രതീകം ഉണര്‍ത്തുംവിധം കപ്പല്‍ ആകാശത്തില്‍ ആടി ഉലഞ്ഞു. തുടര്‍ന്ന് പ്രകോപിതമായ കടലിനെ ശാന്തമാക്കുന്നതിന് യോനാ പ്രവാചകനെ കടലില്‍ എറിഞ്ഞതിന്റെ പ്രതീകം അവതരിപ്പിച്ചു. ഏകദേശം രണ്ടുമണിയോടെ കപ്പല്‍ പ്രദിക്ഷണം കുരിശും തൊട്ടിയിലെ പ്രയാണം അവസാനിപ്പിച്ച് വലിയപള്ളിയില്‍ പ്രവേശിച്ചു.
















