കോഴഞ്ചേരി:പമ്പാനദിയും തീരപ്രദേശവും മാലിന്യമുക്തമാക്കി സംരക്ഷിക്കാനുള്ള ശ്രമത്തിന് ഊര്‍ജ്ജം പകര്‍ന്ന് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് നഗറില്‍ ഇന്ന് പരിസ്ഥിതി ആരോഗ്യ സമ്മേളനം നടത്തും. ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് ഉച്ചക്ക് 3ന് പരിസ്ഥിതി ആരോഗ്യ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ടികെഎ നായര്‍ അധ്യക്ഷത വഹിക്കും. ആരോഗ്യ പരിസ്ഥിതി രംഗത്തുനിന്നും ഡോ. വി.പി. ഗംഗാധരന്, ഡോ. എം.ആര്. ഗോപാലകൃഷ്ണന്, ഡോ. ബി. പത്മകുമാര്‍, എന്‍. കെ. സുകുമാരന്‍ നായര്‍, എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും
പമ്പാനദിയില്‍ മണല്‍ അവശേഷിക്കുന്ന ചുരുക്കം പ്രദേശങ്ങളിലൊന്നാണ് അയിരൂര്‍ ചെറുകോല്‍പ്പുഴ പരിഷത്ത് നഗര്‍.അശാസ്ത്രീയ നിര്മ്മിതികളിപ്പോഴും ഈ ഭാഗത്ത് നിലനില്‍ക്കുന്നുണ്ട്. നിരവധി പേരുടെ മരണത്തിന് കാരണമായ പുലിമുട്ടിന്റെ ഉയരം കുറയ്ക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ജലവിഭവ വകുപ്പുമന്ത്രിയും ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന അവലോകന യോഗങ്ങളില്പലകുറി നേരിട്ടുതന്നെ ഈ ആവശ്യം ഉന്നയിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല. പുലിമുട്ടിന്റെ ഉയരം കുറയ്ക്കുന്നതടക്കം ശാസ്ത്രീയ പഠനം നടത്താന്‍ മുന്‍ ജലവിഭവ വകുപ്പുമന്ത്രി പി.ജെ. ജോസഫ് ജലസേചന വകുപ്പ് ചീഫ് എന്‍ജിനിയറെ ചുമതലപ്പെടുത്തിയിട്ടും വര്‍ഷങ്ങളായി. എന്നാല്‍ കാര്യമായ നടപടികള്‍ സ്വീകരിക്കാത്ത നിലപാടാണ് ഉദ്യോഗസ്ഥന്മാരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. അപകടത്തിന് പുറമെ ഈ ഭാഗത്ത് പമ്പയുടെ ഗതി മാറുന്നതിനും, കുത്തൊഴുക്കിനും പുതിയ ചുഴികള്‍ രൂപപ്പെടുന്നതിനും ഇത് കാരണമാകുന്നതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.
സൗന്ദര്യവത്ക്കരണത്തിലൂടെ നദീതീരം സംരക്ഷിക്കുന്നതിനുള്ള പദ്ധതിയും ഇവിടെ ആരംഭിച്ചിട്ടുണ്ട്. ഔഷധ ഗുണമുള്ള ചെടികളും മരങ്ങളും വെച്ചുപിടിപ്പിക്കുക ഇതില്‍ പ്രധാനമാണ്. പരിഷത്ത് നഗര്‍ പൂര്‍ണ്ണമായും പ്ലാസ്റ്റിക് നിരോധിത മേഖലയാക്കുകയും വ്യാപാരികള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുകയും സ്റ്റാള്‍ രഹിത കച്ചവടം നിരോധിക്കുകയും ചെയ്തു. അനധികൃത വ്യാപാരങ്ങള്‍ക്കെതിരെ ജില്ലാകലക്ടറും ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: