മുണ്ടക്കയം: അനധികൃതമായി ജാറില്‍ സൂക്ഷിച്ച റേഷന്‍ മണ്ണെണ്ണ പിടികൂടി. മുണ്ടക്കയം പുത്തന്‍ ചന്ത, പുതുപ്പറമ്പില്‍ റഹീം, പുതുപ്പറമ്പില്‍ ഷാജി എന്നിവരുടെ വീടുകളില്‍ കാഞ്ഞിരപ്പളളി താലൂക്ക് സപ്ലൈ ഓഫീസര്‍ എം. പി. ശ്രീലതയുടെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇരുപത് ലിറ്റര്‍ മണ്ണെണ്ണ പിടികൂടിയത്.
റേഷന്‍കടയില്‍ മാത്രം വില്‍പ്പന നടത്തേണ്ട മണ്ണെണ്ണ ഇവരുടെ വീടുകളില്‍ സൂക്ഷിച്ചു ചില്ലറ വില്‍പ്പന നടത്തുന്നതായി മുമ്പ് നിരവധി തവണ പരാതി ലഭിച്ചിരുന്നു. കൂടാതെ പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുകയും പരാതി ശരിയാണെന്നു ബോദ്ധ്യപെടുകയും ചെയ്തതിനെ തുടര്‍ന്നു പോലീസ് മേധാവികള്‍ക്കും ജില്ലാ സപ്ലൈ ആഫീസര്‍ക്കും ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
റഹീമിന്റെ വീട്ടുമുറ്റത്തു സൂക്ഷിച്ചിരുന്ന കാലി പ്ലാസ്റ്റിക് ജാറുകള്‍ക്കിടയില്‍ ഒന്നില്‍ മണ്ണണ്ണ നിറച്ചു സൂക്ഷിച്ച നിലയിലായിരുന്നു. ഇരുവരുടെയും വീട്ടുമുറ്റത്തു വേറെയും ജാറുകള്‍ ഉണ്ടായിരുന്നു. കൂടാതെ ഇവരുടെ വീട്ടിനുളളില്‍ മുണ്ടക്കയം പോലീസിന്റെ സാന്നിദ്ധ്യത്തില്‍ പരിശോധന നടത്തിയെങ്കിലും വേറെ മണ്ണെണ്ണ കണ്ടെത്താനായില്ല. റെയിഡില്‍ റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ പി. കെ. ഷൈനി, ജയ ആര്‍. നായര്‍, വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു. പിടിച്ചെടുത്ത മണ്ണെണ്ണ സമീപത്തെ റേഷന്‍കടയില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചു. കേസെടുത്തതായി ടിഎസ്ഒ അറിയിച്ചു.
















