കോട്ടയം: പോലീസ് പെറ്റിയടിയില്‍ ആനന്ദം കൊള്ളുമ്പോള്‍ വാഹന ഉടമകള്‍ നട്ടം തിരിയുന്നു. കോട്ടയം നഗരത്തിലും സമീപ പ്രദേശങ്ങളിലുമാണ് ജില്ലാ പോലീസ് മേധാവി നിര്‍ദ്ദേശിച്ചിരിക്കുന്ന ക്വാട്ട തികയ്‌ക്കാനെന്ന പേരില്‍ പോലീസ് പെറ്റിയടിയില്‍ സജീവമായിരിക്കുന്നത്. ഇരുചക്രവാഹനങ്ങളാണ് ഇവരുടെ ചാകര. ഗതാഗത തടസ്സമുണ്ടാക്കാതെ റോഡ് സൈഡില്‍ പാര്‍ക്കുചെയ്യുന്ന സ്വകാര്യ കാറുകളും ചെറുവാഹനങ്ങളുമാണ് മറ്റൊരു ഇര. സാധാരണ നഗരങ്ങളില്‍ വാഹന പാര്‍ക്കിങ്ങിനായി നിശ്ചിത സ്ഥലം നീക്കിവയ്‌ക്കാറുണ്ട്. ഇത് അവഗണിച്ച് പാര്‍ക്ക് ചെയ്താലാണ് പിഴയീടാക്കുക. കോട്ടയത്ത് ഈ ക്രമീകരണങ്ങളൊന്നുമില്ല. ഇക്കാര്യം പോലീസും സമ്മതിക്കുന്നുണ്ട്. എന്നാല്‍ മുകളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്ന നിലപാടാണ് രസീത് ബുക്കുമായി നഗരത്തില്‍ ബൈക്കില്‍ കറങ്ങുന്ന പോലീസുകാര്‍ക്കുള്ളത്.
ഇതര ജില്ലകളില്‍നിന്നും മറ്റും നഗരത്തില്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് എത്തുന്നവര്‍ പോലീസിന്റെ പെറ്റിയില്‍ വീര്‍പ്പുമുട്ടുകയാണ്.
മറ്റൊന്ന് ഹെല്‍മറ്റ് വേട്ടയാണ്. സാധാരണക്കാരുടെമേല്‍ ഇത് ഒരു ‘വേട്ട’ തന്നെയാണ്. അതേസമയം പ്രധാനവീഥികളില്‍ കൂടി സ്‌പൈഡര്‍ േവഗതയില്‍ പറക്കുന്ന വില്ലന്‍മാര്‍ പെറ്റിക്കാരുടെ വലയില്‍ വീഴാറുമില്ല. പുളിമൂട് ജംങ്ഷനില്‍ ഇന്നലെ വൈകുന്നേരം പെറ്റി വാങ്ങി മുന്നോട്ടു നീങ്ങിയ ബൈക്കുകാരനെ ട്രാഫിക്കിലുള്ള പോലീസുകാരന്‍ വീണ്ടും തടഞ്ഞ സംഭവവും അരങ്ങേറി. ഹെല്‍മറ്റ് വച്ച് ബൈക്കുകളിലെത്തി പട്ടാപ്പകല്‍ പോലും സ്ത്രീകളുടെ മാല പറിക്കുന്ന സംഘം വിലസുന്ന നഗരത്തിലാണ് പെറ്റിയില്‍ ആനന്ദം കൊള്ളുന്ന ‘ക്രമസമാധാന പാലനം’ അരങ്ങേറുന്നത്.
ഇന്നലെ രാവിലെ അഞ്ചരക്ക് പാമ്പാടി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒരു കുരിശടിക്ക് മുന്നില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് തിരിഞ്ഞുനോക്കിയ യുവാവ് കണ്ടത് ചെറുപുഞ്ചിരിയോടെ നില്‍ക്കുന്ന പോലീസുകാരെയാണ്. കാര്യം തിരക്കിയപ്പോള്‍ ഹെല്‍മറ്റില്ലല്ലോ, പെറ്റിപിടിച്ചോ എന്ന മറുപടിയാണുണ്ടായത്. തണുപ്പത്ത് പുലര്‍കാലെ ഇറങ്ങിയ പോലീസ് സംഘത്തിന് മുന്നില്‍ ലഭിച്ച ഏക ഇരയായിരുന്നു ഈ യുവാവ്. കര്‍ത്താവ് പ്രാര്‍ത്ഥന കേട്ടല്ലോ എന്ന് മനോഗതം പറഞ്ഞ് 100രൂപയും നല്‍കി യുവാവ് വീട്ടിലേക്ക് മടങ്ങി.
കോട്ടയം ജില്ലയില്‍ തന്നെയുള്ള ഈരാറ്റുപേട്ടയിലും കാഞ്ഞിരപ്പള്ളിയിലും ഹെല്‍മറ്റ് ഉപയോഗിക്കുന്നവര്‍ വിരളമാണ്. ഇവിടെ ജില്ലാ പോലീസ് മേധാവിയുടെ പെറ്റിയടിയൊന്നും നടക്കാറില്ലെന്ന് അവിടെയുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരു പന്തിയില്‍ രണ്ട് വിളമ്പെന്ന നിലയിലാണ് കോട്ടയം ജില്ലയിലെ പോലീസിന്റെ പ്രവര്‍ത്തനമെന്ന ആക്ഷേപം ശക്തമാണ്.
















