കൊല്ലങ്കോട്: തെന്മലയോരത്ത് ഫയര്‍ സ്റ്റേഷന് വേണമെന്ന ജനങ്ങളുടെമുറവിളിക്ക് ഇനിയും പരിഹാരമായില്ല. ജില്ലയില്‍ ഏറ്റവുമധികം വനമേഖലകളുള്ള പ്രദേശമാണ് കൊല്ലങ്കോട്.
എന്നാല്‍ ഇവിടെഫയര്സ്റ്റേഷന് സ്ഥാപിക്കണമെന്ന് നിരവധിസംഘടനകളും ജനപ്രതിനിധികളും ആവശ്യപ്പെട്ടിട്ടും ഫലംകണ്ടില്ല. പതിറ്റാണ്ടുകളായി ഈ ആവശ്യം ഉന്നയിച്ചതിന്റെ ഫലമായാണ് കൊല്ലങ്കോട് വില്ലേജ് റീ സര്‍വ്വേ നമ്പര്‍ 523/11 സബ്ബ് ട്രഷറിയുടെ ഭാഗമായുള്ള 50 സെന്റ് സ്ഥലം ഫയര്‍ ആന്റ് റെസ്ക്യൂ വകുപ്പിനായി കൈമാറിയത്.
കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന മുറക്ക് ഫയര്‍ സ്റ്റേഷന് ലഭ്യമാക്കാമെന്നായിരുന്നു ബന്ധപ്പെട്ടവരുടെ വാഗ്ദാനം. ഇതിനായി മുന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും തുക വകയിരുത്തിയെങ്കിലും നിര്‍മ്മാണത്തിന്റെ പ്രാഥമിക ഘട്ടംപോലും ഇതുവരെആരംഭിച്ചിട്ടില്ല. ഈ പ്രദേശത്ത് തീപിടിച്ചാല്‍ ചിറ്റൂരില്‍ നിന്നോ പാലക്കാടു നിന്നോ വേണം ഫയര്എഞ്ചിന് എത്തുന്നതിന്.
കിലോമീറ്ററുകള്‍ താണ്ടി വാഹനം എത്തുമ്പോഴേക്കും പ്രദേശം അഗ്നിക്കിരയായിരിക്കും. പാലക്കാട് ഭാഗത്തു നിന്നുള്ള വാഹനങ്ങള്‍ എത്തുമ്പോള്‍ പലപ്പോഴും ഊട്ടറ റെയിവേ ക്രോസില്‍ കുടുങ്ങാറുണ്ട്. ജില്ലയിലെ പ്രധാനപ്പെട്ട നാലുഡാമുകളും വനപ്രദേശവും ഈഭാഗത്താണ്.
വേനല്‍ കനത്തതോടെ പലയിടത്തും തീ പടര്‍ന്നുപിടിക്കുന്നത് പതിവായിട്ടുണ്ട്. ഭരണപക്ഷത്തുനിന്നുള്ള എംഎല്‍എയാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നതെങ്കിലും പ്രശ്നത്തിന് പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.
ഇത്തവണയെങ്കിലും മണ്ഡലത്തിന്റെ സ്വഭാവവുമറിയുന്ന ആള്എംഎല്എ ആയതിനാല്‍ പതിറ്റാണ്ടായി നീളുന്ന ആവശ്യത്തിന്പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: