നിലമ്പൂര്‍: ബൈപ്പാസിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ 100 കോടി അനുവദിച്ചെന്ന് പറഞ്ഞ് നിലമ്പൂര്‍ എംഎല്‍എ മണ്ഡലത്തില്‍ മുഴുവന്‍ സ്ഥാപിച്ച് ഫ്ളക്സ് ബോര്‍ഡുകള്‍ വെറുതെയായി. ഈ സാമ്പത്തിക വര്‍ഷം ബൈപ്പാസ് നിര്‍മ്മിക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ് വ്യക്തമാക്കുന്നു.
ബഡ്ജറ്റില്‍ 100 കോടി വകയിരുത്തിയെന്നും അത് തന്റെ മിടുക്കുകൊണ്ടാണെന്നും കാണിച്ച് എംഎല്‍എ സ്വന്തം ഫോട്ടോ വെച്ച ഫ്ളക്സ് ബോര്‍ഡുകള്‍ മണ്ഡലത്തിലുടനീളം സ്ഥാപിച്ചിരുന്നു. കെഎന്‍ജി റോഡില്‍ ജ്യോതി തിയറ്റര്‍പടി മുതല്‍ വെളിയംതോട് വരെ ആറ് കിലോമീറ്റര്‍ ദൂരത്തിലാണ് ബൈപ്പാസ് നിര്‍മ്മിക്കാന്‍ ഉദ്യേശിച്ചിരുന്നത്. പ്രാരംഭ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഖജനാവില്‍ പണമില്ലാത്തതിനാല്‍ നിര്‍മ്മാണം നടക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി കഴിഞ്ഞു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മുക്കട്ട ജംഗ്ഷന് വരെ 4.3 കിലോമീറ്റര്‍ നിര്‍മ്മിക്കാന്‍ പൊതുമരാമത്ത് വകുപ്പ് ടെണ്ടര്‍ വിളക്കുകയും, ആദ്യഘട്ടത്തില്‍ 36 കോടി അനുവദിക്കുകയും ചെയ്തു. അവശേഷിക്കുന്ന ജോലികള്‍ക്കായി എല്‍ഡിഎഫ് സര്‍ക്കാര്‍ നൂറുകോടി വകയിരുത്തിയെന്നാണ് എംഎല്‍എ അവകാശപ്പെട്ടിരുന്നത്. വീട്ടികുത്ത് മുതല്‍ മുക്കട്ട വരെ 3.34 കിലോമീറ്റര്‍ പണികഴിപ്പിക്കാന്‍ പൊതുമരാമത്ത് കണക്കുകൂട്ടിയിരുന്ന തുക 110 കോടിയായിരുന്നു. 25.95 ഏക്കര്‍ ഭൂമി ഏറ്റെടുക്കണം, 25 ഓളം വീടുകള്‍ പൊളിച്ചുമാറ്റണം തുടങ്ങി കടമ്പകള്‍ ഒരുപാടുണ്ട്. ഇതിനൊക്കെയായി പൊതുമരാമത്ത് വകുപ്പ് സര്‍ക്കാരില്‍ അനുമതി തേടിയെങ്കിലും പണമില്ലാത്തതിനാല്‍ അനുമതി നിഷേധിക്കുകയായിരുന്നു. പണമുണ്ടായാല് അടുത്ത സാമ്പത്തികവര്‍ഷം പരിഗണിക്കാമെന്നാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവില്‍ പറയുന്നത്. ബൈപ്പാസ് എന്ന നിലമ്പൂരുകാരുടെ ആവശ്യത്തിന് മൂന്ന് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. ഇതിനാണ് ഇപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വിലങ്ങുതടിയായിരിക്കുന്നത്. മുന്‍സര്‍ക്കാര്‍ അനുവദിച്ച പദ്ധതിയാണ് പി.വി.അന്‍വര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സ്വന്തം പേരില്‍ കുറിക്കാനൊരുങ്ങിയത്.
എംഎല്‍എയുടെ ഈ മണ്ടത്തരങ്ങളൊക്കെ വിനയാകുന്നത് സിപിഎം പ്രാദേശിക നേതൃത്വത്തിനാണ്. ബൈപ്പാസ് എവിടെയെന്ന ജനങ്ങളുടെ ചോദ്യത്തിന് മറുപടി പറയാനാവാതെ കുഴങ്ങുകയാണ് നേതാക്കള്‍. വണ്‍മാന്‍ഷോ കളിച്ച് എംഎല്‍എ പാര്‍ട്ടിയെ ഊരാക്കുടുക്കില്‍ ചാടിക്കുകയാണെന്ന് നേരത്തെ തന്നെ ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: