കൊച്ചി: ആഫ്രിക്കന്‍ രാജ്യമായ ടോഗോയില്‍ തടവില്‍ കഴിഞ്ഞ മലയാളികളുടെ മോചനത്തിന് വഴിയൊരുങ്ങിയത് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടല്‍. കടല്‍ക്കൊള്ളക്കാര്‍ എന്നാരോപിച്ച് ടോഗോയില്‍ മൂന്നുവര്‍ഷമായി തടവില്‍ കഴിയുന്ന കലൂര്‍ എളമക്കര കീര്‍ത്തിനഗറിലെ പടന്നയില്‍ വീട്ടില്‍ സഹോദരങ്ങളായ തരുണ്‍ബാബു, നിധിന്‍ബാബു എന്നിവരുടെ ബന്ധുക്കള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ദേശീയ സെക്രട്ടറി എ. രാജക്കും കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് നിവേദനം നല്‍കിയിരുന്നു. കുമ്മനം ഇക്കാര്യം കേന്ദ്രമന്ത്രി സുഷമാസ്വരാജിന്റെ ശ്രദ്ധയില്‍പ്പെടുത്തി. സുഷമ ഇക്കാര്യത്തില്‍ കാര്യക്ഷമമായി ഇടപെട്ട് സഹോദരങ്ങള്‍ ഉള്‍പ്പെടെ അഞ്ചുപേരുടെ മോചനം സാധ്യമാക്കുകയായിരുന്നു.
2013 ജൂലൈ മുതല്‍ ടോഗോ സെന്‍ട്രല്‍ ജയിലില്‍ നരകജീവിതം തള്ളിനീക്കുകയായിരുന്നു ഇവര്‍.
മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥരായ ഇവര്‍ സുഹൃത്തിന്റെ നിര്‍ബന്ധത്തെത്തുടര്‍ന്നാണ് ഇരുവരും ടോഗോയിലേക്കുള്ള കപ്പലില്‍ ജോലിക്കായി പോയത്. സുഹൃത്ത് അരുണ്‍ചന്ദ്ര ഈ കപ്പലിന്റെ ക്യാപ്റ്റനായിരുന്നു.
















